
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെ 94 റൺസിനും രണ്ടാം മത്സരത്തിൽ ഹോംഗ് കോംഗിനെ 137 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്.പാകിസ്ഥാന്റെ ഗ്രൂപ്പിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെ 35 റൺസിനാണ് തോൽപ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 8 മണി മുതലാണ് മത്സരം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്മൃതി മാന്ഥനയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഹോംഗ്കോംഗിനെ തകർത്ത് സെമിഫൈനൽ ഉറപ്പിച്ചത്.64 പന്തുകൾ നേരിട്ട് 14 ഫോറുകളും ഏഴ് സിക്സുകളും പറത്തി തന്റെ 18-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് സ്മൃതി ഈ മത്സരത്തിൽ നേടിയത്. ഇതോടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ മെഗ് ലാന്നിംഗിന്റെ റെക്കാഡ് സ്മൃതി മറികടന്നു. ട്വന്റി-20 ഫോർമാറ്റിലെ സ്മൃതിയുടെ രണ്ടാം സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണിത്. മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ഇന്ത്യൻ വനിതയാണ് സ്മൃതി മാന്ഥന. ടി.വി ലൈവ് : 8 pm മുതൽ സോണി സ്പോർട്സിലും സോണി ലിവിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |