SignIn
Kerala Kaumudi Online
Sunday, 30 August 2026 11.39 PM IST

'എന്തുചെയ്യണമെന്നറിയാതെ വീട്ടിലിരുന്ന് തകർന്നുപോയി, തിരിച്ചുവരവിന് പ്രചോദനം ഭാര്യ,​ ഉടൻ വിരമിക്കാൻ പദ്ധതിയില്ല'

devisha-surya
ഭാര്യ ദേവീഷ ഷെട്ടിക്കൊപ്പം സൂര്യകുമാർ യാദവ്.

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ഏറെ നാൾ വീട്ടിൽ വെറുതെയിരിക്കേണ്ടിവന്നതിന്റെ മാനസിക ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഇനി ക്രിക്കറ്റ് കളിക്കണോ വേണ്ടയോ എന്നതടക്കം ഒരുപാട് കാര്യങ്ങൾ തന്നെ അലട്ടിയിരുന്നുവെന്ന് ഇന്ത്യൻ താരം വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ ഭാര്യ ദേവീഷ ഷെട്ടിയുടെ വാക്കുകളാണ് തനിക്ക് വീണ്ടും ക്രിക്കറ്റിനോടുള്ള ആവേശം വീണ്ടെടുക്കാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് സൂര്യകുമാർ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

'40-50 ദിവസം വീട്ടിൽ വെറുതെയിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. കളിക്കണോ വേണ്ടയോ, ഇനി എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ആലോചിച്ച് ഒരുപാട് കാര്യങ്ങൾ മനസിലൂടെ കടന്നുപോയി. ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയിരുന്നു.

40-50 ദിവസത്തോളം ഞാൻ വീട്ടിൽ വെറുതെയിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാതെ ശരിക്കും ഞെട്ടിപ്പോയി. ഇനി ക്രിക്കറ്റ് കളിക്കണോ, വേണ്ടയോ, അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നൊക്കെയായിരുന്നു ചിന്ത. ഒരുപാട് കാര്യങ്ങൾ മനസിലൂടെ കടന്നുപോയി. ഒരു ദിവസം എന്റെ ഭാര്യ പറഞ്ഞു: '13-15 വയസുള്ളപ്പോൾ നീ എന്തിനാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ചിന്തിച്ചുനോക്കൂ. കളിയോട് നിനക്ക് വലിയ ഇഷ്ടമായിരുന്നു. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശവും പാഷനും ഉണ്ടായിരുന്നു. ആ പാഷൻ വീണ്ടും തിരിച്ചുകൊണ്ടുവരൂ. അത് ശരിയാണെന്ന് ഞാൻ സമ്മതിച്ചു.

എനിക്ക് ക്രിക്കറ്റ് കളിക്കാനുള്ള പാഷൻ ഇപ്പോഴുമുണ്ട്. പക്ഷേ ഇനി മുന്നോട്ടുള്ള വഴി എന്താണ് എന്നായിരുന്നു എന്റെ ആശങ്ക. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. എല്ലാം ഇരുട്ടായ പോലെ തോന്നി. ഒന്നും മനസിലാകാത്ത അവസ്ഥ. 10, 15, 20, 25 വർഷം ക്രിക്കറ്റ് കളിച്ചിട്ടും പലർക്കും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നീ നേടിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഭാര്യ എന്നോട് പറഞ്ഞു.


രണ്ടുമൂന്നാഴ്ച മുമ്പാണ് വീണ്ടും ക്രിക്കറ്റിനോടുള്ള ആ പഴയ ആവേശം തിരിച്ചുവന്നത്. എല്ലാ ദിവസവും മകളെ നോക്കുമ്പോൾ ഇനി അവൾക്കുവേണ്ടി കളിക്കണമെന്ന ചിന്ത മനസിലുണ്ടായി. അതോടെയാണ് വീണ്ടും കളിക്കാനുള്ള ആത്മവിശ്വാസം ശക്തമായത്. എനിക്ക് ഇപ്പോൾ 35 വയസാണ്. 38-39 വയസിന് ശേഷം വിരമിക്കാം. എന്നാൽ ഇനി ശേഷിക്കുന്ന മൂന്നോ നാലോ വർഷം, ഇതുവരെ കളിച്ചതുപോലെ അതേ ആത്മവിശ്വാസത്തോടും പാഷനോടെയും കളിക്കാനാണ് എന്റെ ആഗ്രഹം.'- സൂര്യകൂമാർ കൂട്ടിച്ചേർത്തു.

സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി-20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 2025ലെ ഏഷ്യാ കപ്പും 2026ലെ ട്വന്റി-20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയ കാലയളവിൽ ടീമിന് നേതൃത്വം നൽകിയത് സൂര്യകുമാറായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്‌ടൻസിയിൽ ഉഭയകക്ഷി ട്വന്റി-20 പരമ്പരകളിലും ഇന്ത്യ തോൽവിയറിഞ്ഞിരുന്നില്ല.

കൂടുതൽ കാലം ടീമിനെ നയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും അജിത് അഗാർക്കർ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ശ്രേയസ് അയ്യരെ പുതിയ ട്വന്റി-20 നായകനായി പരിഗണിക്കുകയും സൂര്യകുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. 35കാരനായ താരം മാർച്ചിൽ ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്.

English Summary

India batter Suryakumar Yadav has opened up about the difficult period after being dropped from the T20I squad and removed as captain. He spent nearly 40–50 days at home, uncertain about his cricketing future, before his wife Devisha Shetty helped him regain his motivation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYAKUMAR YADAV, LATESTNEWS, CRICKET NEWS, T20 WORLDCUP, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360