ജക്കാർത്ത: 70,000ത്തിലധികം ലഹരി ഗുളികകൾ ലഗേജിൽ കടത്താൻ ശ്രമിച്ച പൈലറ്റ് അറസ്റ്റിൽ. ഇന്തോനേഷ്യയിലെ സോകർണോഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് മലേഷ്യൻ പൈലറ്റ് പിടിയിലായത്. സംഭവത്തിൽ ഇയാൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എം.എസ്.ഒ. എന്ന് മാത്രം പേരിന്റെ ആദ്യക്ഷരങ്ങൾ വെളിപ്പെടുത്തിയ 39 കാരനായ പൈലറ്റാണ് ജൂലായ് 29ന് കോലാലംപൂരിൽ നിന്ന് ജകാർത്തയിൽ എത്തിയ ഉടൻ പിടിയിലായത്.
ഏത് എയർലൈൻസിലാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിമാനത്തിന്റെ നമ്പർ സൂചിപ്പിക്കുന്നത് മലേഷ്യൻ എയർലൈൻസാണെന്നാണ്. ഇയാളുടെ സ്യൂട്ട്‌കേസിൽ നിന്ന് 14 ബാഗ് എക്സ്റ്റസി ഗുളികകളും കൈവശമുണ്ടായിരുന്ന ലഗേജിൽ നിന്ന് നാല് ഗ്രാം മെതാംഫെറ്റാമിനും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ലഹരിമരുന്ന് കടത്തുന്നതിന് പുറമേ അത് ഉപയോഗിച്ച ശേഷമാണ് ഇയാൾ വിമാനം പറത്തിയതെന്നാണ് വിവരം. അറസ്റ്റിലായ ഉടൻ നടത്തിയ മൂത്ര പരിശോധനയിൽ മൂന്ന് ലഹരിവസ്തുക്കളുടെ സാന്നിദ്ധ്യം ഇയാളുടെ ശരീരത്തിൽ നിന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മെത്ത്, എംഡിഎംഎ., കൊക്കെയ്ൻ എന്നിവയ്ക്കുള്ള പരിശോധനാ ഫലങ്ങൾ പോസിറ്റീവാണ്. ജകാർത്തയിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്നതിനായി 11.6 ലക്ഷം രൂപ (50,000 റിംഗിട്ട്) വാഗ്ദാനം ചെയ്തിരുന്നതായി പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതികരിക്കാൻ മലേഷ്യൻ എയർലൈൻസ് തയ്യാറായില്ലെങ്കിലും, ജീവനക്കാരുടെ തെറ്റായ പെരുമാറ്റത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് കമ്പനിക്കുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ സഹകരിക്കുമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു.
ഇന്തോനേഷ്യൻ നിയമപ്രകാരം ഇയാൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. ലഹരിമരുന്ന് കടത്തുകയാണെങ്കിൽ വധശിക്ഷ നൽകാൻ പോലും കർശന നിയമമുള്ള രാജ്യമാണ് ഇന്തോനേഷ്യ. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി അവിടെ വധശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അവസാനമായി 2016ലാണ് ഇന്തോനേഷ്യയിൽ വധശിക്ഷ നടപ്പിലാക്കിയത്. അന്ന് ലഹരിമരുന്ന് കേസിൽ കുറ്റക്കാരായ ഒരു ഇന്തോനേഷ്യൻ പൗരനെയും മൂന്ന് നൈജീരിയക്കാരെയുമാണ് ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
A Malaysian pilot was arrested at Jakarta's Soekarno-Hatta International Airport for attempting to smuggle over 70,000 drug pills, including ecstasy and methamphetamine. The 39-year-old M.S.O., arriving from Kuala Lumpur, also tested positive for drug use. He admitted accepting payment for the contraband and faces potential death penalty under Indonesia's strict laws. Malaysia Airlines initiated an internal investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |