
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി സ്ഥാപകനുമായ ഇമ്രാൻഖാനുമായി കൂടിക്കാഴ്ച നടത്തി കുടുംബം. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഭാര്യ ബുഷ്രബിബിയുമായും സഹോദരി നൊറീൻ നിയാസിയുമായുളള കൂടിക്കാഴ്ച.
വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷനൽ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട വിവരം നൊറീൻ ധരിപ്പിച്ചതായും സൂചനയുണ്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ.
ജയിലിലെ കോൺഫറൻസ് റൂമിലായിരുന്നു കൂടിക്കാഴ്ച്ചയെന്ന് പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ ജയിലിലുളള ഇമ്രാൻഖാന്റെ ഭാര്യയുമായുള്ള കൂടിക്കാഴ്ച 30 മുതൽ 35 മിനിറ്റോളം നീണ്ടു. അവർ തന്റെ ആദ്യ വിവാഹത്തിലുള്ള മക്കളായ മൂസ, മുബാഷറ മനേക, ബന്ധു മെഹ്റുന്നീസ എന്നിവരുമായും 40 മിനിറ്റോളം ജയിൽ മുറിയിൽ സംസാരിച്ചു.
വിവിധ കേസുകളിലായി 2023 മുതൽ അഡിയാല ജയിലിലുളള ഇമ്രാൻഖാൻ, നിലവിൽ അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ 14 വർഷത്തെ തടവുശിക്ഷയിലാണ്. കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഇമ്രാൻഖാന്റെ ആരോഗ്യം വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയാണ് ആഴ്ചയിലൊരിക്കൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് പാക് സുപ്രീം കോടതി അനുമതി നൽകിയത്. രണ്ട് ദിവസത്തിനകം അദ്ദേഹത്തെ ഷിഫ ഇന്റർനാഷനൽ ആശുപത്രിയിലേക്കു മാറ്റാനും സെപ്റ്റംബർ 16 വരെ ചികിത്സയിൽ കഴിയാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.അതേസമയം ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പാകിസ്താൻ സർക്കാർ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |