SignIn
Kerala Kaumudi Online
Thursday, 01 October 2026 9.05 PM IST

കൂറ്റൻ തിമിംഗലം ഇടിച്ചു;  നാല് പേർ നടുക്കടലിൽ ചെലവഴിച്ചത് 17 മണിക്കൂർ, ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ

READ ENGLISH VERSION
yacht
കൂറ്റൻ തിമിംഗലം ഇടിച്ചതിനെ തുടർന്ന് കടലിൽ മുങ്ങി താഴുന്ന യാച്ച്

നോർഫോക്ക്: കൂറ്റൻ തിമിംഗലം ഇടിച്ചതിനെ തുടർന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി.നോർഫോക്ക് ദ്വീപിൽ നിന്നും 250 നോട്ടിക്കൽ മൈൽ വടക്കുള്ള ദക്ഷിണ പസഫിക് സമുദ്രത്തിലായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന നാല് പേരെ 17 മണിക്കൂറോളം ലൈഫ് റാഫ്റ്റിൽ കഴിഞ്ഞശേഷം സുരക്ഷിതമായി രക്ഷപ്പെടുത്തി. രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാരും ന്യൂസിലൻഡ്, ഫ്രാൻസ് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയൻ യാച്ചായ ടായ് ടാം സമുദ്രത്തിൽ മുങ്ങുകയാണെന്ന് അടിയന്തര രക്ഷസേനയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.

തിമിംഗലം ഇടിച്ചതോടെ ബോട്ട് ഒരു വശത്തേക്ക് ശക്തമായി കുലുങ്ങി. ആറ് മുതൽ എട്ട് വരെ സ്‌പേം തിമിംഗലങ്ങൾ ബോട്ടിന് ചുറ്റും നീന്തുന്നുണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒന്നോ രണ്ടോ തിമിംഗലങ്ങൾ ബോട്ടിനോളം വലിപ്പമുള്ളവയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബോട്ടിന്റെ സ്റ്റിയറിംഗ് സംവിധാനം പൂർണമായും പ്രവർത്തനരഹിതമായി.

യാച്ചിന്റെ അടിഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും കടൽവെള്ളം അകത്തേക്ക് കുതിച്ചുകയറുകയും ചെയ്തു. തുടർന്ന് സംഘം ഉടൻ തന്നെ മേയ്‌ഡേ അടിയന്തര സന്ദേശം അയച്ചു. ബോട്ടിൽ കയറിയ വെള്ളം ബക്കറ്റുകളും പമ്പുകളും ഉപയോഗിച്ച് പുറത്തുകളയാൻ ശ്രമിച്ചെങ്കിലും യാച്ചിനെ വീണ്ടെടുക്കാൻ സാധിച്ചില്ല. വെള്ളം നിറഞ്ഞതോടെ ബോട്ട് പതുക്കെ മുങ്ങിത്തുടങ്ങിയിരുന്നു. ഇതോടെ നാലുപേരും ഇൻഫ്‌ളേറ്റബിൾ ലൈഫ് റാഫ്റ്റ് വെള്ളത്തിലിറക്കി അതിലേക്ക് മാറി.

അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ന്യൂസിലൻഡിലെ രക്ഷാപ്രവർത്തന ഏകോപന കേന്ദ്രം നടപടികൾ ആരംഭിച്ചു. ലൈഫ് റാഫ്റ്റ് കണ്ടെത്തുന്നതിനായി റോയൽ ന്യൂസിലൻഡ് എയർഫോഴ്സിന്റെ പി8എ പോസിഡോൺ നാലുപേർക്കുമായി തിരച്ചിൽ നടത്തി. തുടർന്ന് സമീപത്തുണ്ടായിരുന്ന ചരക്കുകപ്പൽ സംഘത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നാല് പേർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

English Summary

A 52-foot Australian yacht sank in the South Pacific Ocean, 250 nautical miles north of Norfolk Island, after being struck by a large whale. Four crew members – two Australians, a New Zealander, and a French national – were safely rescued by a nearby cargo ship. They had spent 17 hours in a life raft following the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YATCH, LATESTNEWS, WORLDNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360