
വാഷിംഗ്ടൺ: യു.എസ് നാടുകടത്തുന്നവരെ താത്കാലികമായി പാർപ്പിക്കാൻ തയാറാണെന്ന് കോസ്റ്ററീക്ക. കുടിയേറ്റക്കാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പാലമായി പ്രവർത്തിക്കുമെന്നാണ് കോസ്റ്റ റീക്ക അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള 200 അനധികൃത കുടയേറ്റക്കാരെ ഇന്ന് കോസ്റ്റ റീക്കയിലെത്തിക്കും. ഇതോടെ, പനാമയ്ക്ക് ശേഷം യു.എസിൽ നിന്ന് നാടുകടത്തപ്പെട്ടവരെ സ്വീകരിക്കുന്ന മദ്ധ്യ അമേരിക്കയിലെ രണ്ടാമത്തെ രാജ്യമായി ഇത് മാറും. പനാമയ്ക്കും ഗ്വാട്ടിമലയ്ക്കും പിന്നാലെയാണ് കോസ്റ്റാറിക്കയും അനധികൃത കുടിയേറ്റക്കാർക്ക് താത്കാലിക അഭയമൊരുക്കാൻ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞയാഴ്ച യു.എസിൽ നിന്നുള്ള അഭയാർത്ഥികളുമായി വന്ന മൂന്ന് വിമാനങ്ങളാണ് പനാമയിൽ ഇറങ്ങിയത്.
യു.എൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ പൂർത്തീകരിക്കുക. രാജ്യത്തെ പ്രധാന വിമാനത്താവളമായ സാൻ ജോസിലേക്ക് എത്തുന്ന അഭയാർത്ഥികളെ രാജ്യത്തിന്റെ തെക്കൻ പ്രദേശത്തേക്കാവും മാറ്റുകയെന്നും കോസ്റ്റാറീക്ക അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ടുണ്ട്. പദ്ധതി പൂർണമായും യു.എസിന്റെ ചെലവിലായിരിക്കും നടപ്പാക്കുകയെന്നും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ മേൽനോട്ടം ഉണ്ടാവുമെന്നും കോസ്റ്റാറിക്ക അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |