
വാഷിംഗ്ടൺ: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യ ഉഷാ വാൻസും ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. നികുതി ചുമത്തലുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സന്ദർശനം. വൈസ് പ്രസിഡന്റായതിനുശേഷം വാൻസിന്റെ രണ്ടാമത്തെ വിദേശയാത്രയായിരിക്കും ഇത്. കഴിഞ്ഞ മാസം വാൻസ് ഫ്രാൻസിലും ജർമ്മനിയിലും സന്ദർശനം നടത്തിയിരുന്നു.
ഫെബ്രുവരിയിൽ പാരീസിലെ എ.ഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.ഡി. വാൻസിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചിരുന്നു. വാൻസിന്റെ മകൻ വിവേകിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി വാൻസിന്റെ മകൾ മിറാബെൽ റോസ് വാൻസിന് മരംകൊണ്ട് നിർമ്മിച്ച അക്ഷരമാല സെറ്റും സമ്മാനിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ വട്‌ലൂരിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഉഷ ചിലുകുറി എന്ന ഉഷ വാന്‍സ്. യെയ്ൽ സർവകലാശാലയിൽ വച്ചാണ് ജെ.ഡി. വാൻസും ഉഷയും പരിചയപ്പെട്ടതും പ്രണയത്തിലായതും. 2014ലാണ് ഇരുവരും വിവാഹിതരായത്. ഇവാൻ, വിവേക്, മിറാബെൽ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |