SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

ഇവിടെ എല്ലാം ' സെറ്റാണ് " !

k

ന്യൂയോർക്ക്: കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രമാണ് പോപ്പായ്‌ എന്ന നാവികൻ. 1980ൽ പോപ്പായ്‌‌യുടെ കഥ സിനിമയായപ്പോൾ പ്രശസ്ത നടൻ റോബിൻ വില്യംസൺ ആയിരുന്നു പ്രധാനവേഷത്തിലെത്തിയത്. കാർട്ടൂണിനെ പോലെ വൻ വിജയമാകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞില്ലെങ്കിലും യൂറോപ്യൻ രാജ്യമായ മാൾട്ടയ്ക്ക് സമ്മാനിച്ചത് അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെയാണ്.

മാൾട്ടയിലെ ആങ്കർ ബേയ്‌ക്ക് സമീപമാണ് പോപ്പായ് സിനിമയിലെ 'സ്വീറ്റ്ഹേവൻ ' എന്ന ഗ്രാമത്തിന്റെ സെറ്റൊരുക്കിയത്. നെതർലൻഡ്സ്, കാനഡ എന്നിവിടങ്ങളിൽ നിന്നെത്തിച്ച നൂറുകണക്കിന് തടികളും കല്ലുകളും ഉപയോഗിച്ച് 165 തൊഴിലാളികൾ ചേർന്ന് ഏഴു മാസം കൊണ്ടാണ് ഈ ഗ്രാമം നിർമ്മിച്ചത്.

സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും മാൾട്ടയിലുള്ളവർക്ക് പോപ്പായ് ഗ്രാമം ഇഷ്‌ടമായതിനാൽ സെറ്റ് പൊളിച്ചു നീക്കാൻ അണിയറ പ്രവർത്തകർ തയാറായില്ല. സിനിമയ്ക്ക് വേണ്ടി താത്കാലികമായി നിർമ്മിച്ചതിനാൽ പോപ്പായ് ഗ്രാമത്തിന് അത്ര കെട്ടുറപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ, ഷൂട്ടിംഗ് പൂർത്തിയായ ശേഷം സിനിമാ പ്രവർത്തകർ പോപ്പായ് ഗ്രാമത്തെ ഒന്ന് മോടിപിടിപ്പിച്ചിരുന്നു. ഇന്ന് ഇവിടം ഒരു ഓപ്പൺ എയർ മ്യൂസിയവും റിസോർട്ടുമാണ്. 19 തടിവീടുകളോട് കൂടിയ പോപ്പായ് ഗ്രാമത്തിൽ പ്രത്യേക ഷോകൾ, റൈഡുകൾ, മ്യൂസിയങ്ങൾ, കളി വീടുകൾ തുടങ്ങിയവ കാണാം. പോപ്പായ് ഗ്രാമത്തെ പോലെ സിനിമാ സെറ്റിൽ നിന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയ വേറെയും സ്ഥലങ്ങളുണ്ട്. അവ ഇതാ...

 സ്റ്റാർവാർസ് സിനിമ ഫിക്‌ഷണൽ ആണെങ്കിലും സിനിമയിലെ സീനുകൾക്ക് വേദിയായ സെറ്റ് നമുക്ക് കാണാനാകും. ടൂണീഷ്യയിലെ ടോസിറിനടുത്തുള്ള സഹാറ മരുഭൂമിയിലാണ് സ്റ്റാർവാർ ഗ്രാമത്തിന്റെ സെറ്റുള്ളത്. മരുഭൂമിയിലായത് കൊണ്ട്തന്നെ അത്ര എളുപ്പം ഇവിടെയെത്താനാകില്ല. ടൂറിസ്റ്റുകൾക്ക് വഴികാട്ടിയാകാൻ ഇവിടേക്ക് ഗൈഡുകളുടെ സേവനം ലഭ്യമാണ്.

 ലോർഡ് ഒഫ് ദ റിംഗ്സ്, ഹോബിറ്റ് സിനിമാ പരമ്പരകളിൽ കാണുന്ന മനോഹരമായ പ്രകൃതിയോടിണങ്ങി നിൽക്കുന്ന കുഞ്ഞൻ വീടുകൾ കാണണോ. എങ്കിൽ വടക്കൻ ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലുള്ള വൈകാറ്റോയിലേക്ക് പോയാൽ മതി. ലോർഡ് ഒഫ് ദ റിംഗ്സ് പരമ്പരയ്ക്കായി ഏരിയൽ സർവേയിലൂടെയാണ് ഈ പ്രദേശം കണ്ടെത്തിയത്. ഹോബിറ്റ് പരമ്പരയിലും ഈ കുഞ്ഞൻ വീടുകൾ താരമായി. ഷൂട്ടിംഗിന് ശേഷം പൂക്കൾ നിറഞ്ഞ പച്ച മലനിരകൾക്കിടെയിലെ ഈ വീടുകൾ ടൂറിസ്റ്റ് കേന്ദ്രമായി മാറുകയായിരുന്നു. തൊട്ടടുത്ത് തന്നെ ഹരിതാഭമായ വനവുമുണ്ട്.

 ദ ഹിൽസ് ഹാവ് ഐസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനായി ഒരുക്കിയ ഗ്യാസ് സ്റ്റേഷൻ മൊറോക്കോയിലെ അഗാദിറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാം. ഒരു ഹൈവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്യാസ് സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട കാറുകളും കാണാം. സിനിമയ്ക്ക് വേണ്ടി തയാറാക്കിയ ഫർണീച്ചറുകളും ഈ ഗ്യാസ് സ്റ്റേഷനുള്ളിൽ ഇപ്പോഴും പൊടിപിടിച്ച് കിടക്കുന്നത് കാണാം.

 2011ൽ ' ദ സ്മർഫ്സ് " സിനിമിയുടെ റിലീസിനോടനുബന്ധിച്ച് സ്പെയിനിലെ മലാഗയിലെ ജുസ്കാർ ഗ്രാമത്തെ മുഴുവൻ തിളങ്ങുന്ന നീല പെയിന്റുകൊണ്ട് അലങ്കരിച്ചു. സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഗ്രാമത്തിലെ മതിലുകളിൽ വരച്ചു. കൂടാതെ പ്രതിമകളും മറ്റും സ്ഥാപിക്കുകയും ചെയ്തു. സിനിമയുടെ പ്രമോഷനു വേണ്ടി ചെയ്തതാണെങ്കിലും ഇവ ഗ്രാമത്തിൽ സ്ഥിരമാക്കി വയ്ക്കാൻ പ്രദേശവാസികൾ തീരുമാനിക്കുകയായിരുന്നു. നിരവധി ടൂറിസ്റ്റുകളാണ് ഈ സ്മർഫ് ഗ്രാമത്തിലേക്കെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360