SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഇറാൻ പയറ്റുന്നത് സമ്മർദ്ദ തന്ത്രം

d

മദ്ധ്യപൂർവേഷ്യൻ മേഖലയുടെ രാഷ്ട്രീയ ഭൂപടത്തെ അടിമുടി മാറ്റിവരയ്ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനേയിയുടെ വധം കേവലമൊരു സൈനിക വിജയം എന്നതിലുപരി, ഇറാന്റെ ആത്മവീര്യം തകർക്കാനുള്ള അമേരിക്കയുടെ ആസൂത്രിത നീക്കമാണ്. ഇറാന്റെ സൈനിക, രാഷ്ട്രീയ, മത നേതൃനിരകളിലെ പ്രമുഖരെ ഓരോരുത്തരായി ലക്ഷ്യം വച്ചുകൊണ്ട് അമേരിക്ക നടത്തുന്ന കടന്നാക്രമണം ഇറാനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ്. എന്നാൽ, ഇത്രയേറെ ആഘാതങ്ങളേറ്റിട്ടും കീഴടങ്ങാനോ പിൻവാങ്ങാനോ ഉള്ള യാതൊരു സൂചനയും ഇറാൻ ഭരണകൂടം നൽകുന്നില്ലെന്നത് ശ്രദ്ധേയമാണ്.

എന്നാൽ,​ അമേരിക്കയുടെ അതിനൂതന സാങ്കേതികവിദ്യയ്ക്കു മുന്നിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. ഇറാന്റെ വ്യോമമേഖല അത്രമേൽ ദുർബലമായിരുന്നു എന്നുവേണം കരുതാൻ. അതോടൊപ്പം തന്നെ, ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെയുള്ള ചാരന്മാരുടെ സഹായം നീക്കത്തിനു പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്. മുപ്പതോളം ബോംബുകളാണ് ഖമനേയി ഉണ്ടായിരുന്ന കെട്ടിടത്തിനു മേൽ വർഷിച്ചത്. ഇത്രയും തീവ്രമായ ആക്രമണത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ഇറാൻ സുരക്ഷാസേനയ്ക്ക് സാധിക്കാതെ പോയത് അവരുടെ വലിയ പരാജയമാണ്.

ഇറാന്റെ ഇപ്പോഴത്തെ തന്ത്രം,​ മദ്ധ്യപൂർവ മേഖലയിലുടനീളം അസ്ഥിരത സൃഷ്ടിക്കുക എന്നതാണ്. ദുബായ്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരന്തരമായ ആക്രമണങ്ങൾ ഇതിനു തെളിവാണ്. ഈ രാജ്യങ്ങളെയും അവിടത്തെ സമ്പദ്‌വ്യവസ്ഥയെയും സമ്മർദ്ദത്തിലാക്കുന്നതിലൂടെ അമേരിക്കയ്ക്കു മേൽ നയതന്ത്രപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. അതായത്, നേരിട്ടുള്ള ഒരു സൈനിക വിജയത്തേക്കാൾ ഉപരിയായി, മേഖലയിലെ നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ച് അമേരിക്കയെ ഒരു വെടിനിർത്തലിലേക്കോ,​ യുദ്ധത്തിൽ നിന്നുള്ള പിന്മാറ്റത്തിലേക്കോ പ്രേരിപ്പിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യം.

സാമ്പത്തികമായി നോക്കിയാൽ, സ്ട്രെയിറ്റ് ഒഫ് ഹോർമുസ് (ഹോർമുസ് കടലിടുക്ക്)​ വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടതും,​ പ്രമുഖ വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയതും ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ നേരിട്ട് ബാധിക്കും. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി വലിയതോതിൽ ആശ്രയിക്കുന്ന മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ്. എണ്ണവിലയിലുണ്ടാകുന്ന വർദ്ധനവ് ഇന്ത്യയുടെ കാർഷിക, വ്യവസായ, സേവന മേഖലകളിൽ കടുത്ത പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങൾ ഈ യുദ്ധത്തിന്റെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുക എന്ന ദീർഘകാല നയം അദ്ദേഹം സൈനിക നടപടിയിലൂടെ നടപ്പിലാക്കുകയാണ്. വരും ദിവസങ്ങളിൽ ഇറാന്റെ നേതൃനിരയിലെ ബാക്കിയുള്ളവരെക്കൂടി ഇല്ലാതാക്കാനുള്ള നീക്കങ്ങൾ തുടർന്നേക്കാം. ഒടുവിൽ, "ഞങ്ങൾ ശത്രുക്കളെ പൂർണമായി തകർത്തു" എന്ന പ്രഖ്യാപനത്തോടെ ട്രംപ് ഏകപക്ഷീയമായി യുദ്ധം അവസാനിപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. എങ്കിലും, 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച സംഘർഷങ്ങളുടെ തുടർച്ചയാണ് ഇതെന്ന് നാം തിരിച്ചറിയണം. വരാനിരിക്കുന്ന മൂന്നോ നാലോ ദിവസങ്ങൾ യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിൽ അതീവ നിർണായകമായിരിക്കും.

(പ്രതിരോധ വിദഗ്ദ്ധനാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360