SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

ട്രംപ് ചൈനയിൽ , ഇറാൻ യുദ്ധവും വ്യാപാര കരാറും ചർച്ചയാകും, ഷിയുമായുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്

w

ബീജിംഗ്: ആഗോള രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴി വയ്ക്കുമെന്ന് കരുതുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനാ സന്ദർശനം തുടങ്ങി. ദ്വദിന സന്ദർശനത്തിനായി ട്രംപ് പ്രദേശിക സമയം ഇന്നലെ വൈകിട്ട് 7.30 ഓടെ ബീജിംഗിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഇറാനെതിരായ യു.എസ്-ഇസ്രയേൽ യുദ്ധവും ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിയും ചർച്ചയാകും. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ചൈനയുടെ സഹായം തേടുകയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ട്രംപ് നിഷേധിച്ചിട്ടുണ്ട്. ഇറാൻ എണ്ണയുടെ പ്രധാന ഉപഭോക്താവാണ് ചൈന. ചൈന വഴി സമ്മർദ്ദം ചെലുത്തി സമാധാന കരാർ സാദ്ധ്യമാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. റഷ്യയുമായുള്ള ചൈനയുടെ സ്വാധീനം വച്ച് യുക്രെയിൻ വിഷയത്തിലും ചൈനയോട് മദ്ധ്യസ്ഥത ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇറാൻ -ചൈനീസ് വിദേശകാര്യ മന്ത്രിമാർ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.

വ്യാപാരക്കരാറിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്നാണ് വിവരം. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു യു.എസ് പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. വ്യാപാര സംബന്ധമായ കാര്യങ്ങളാണ് പ്രധാനമായും ഷീയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവുകയെന്ന് ചൈനയിലേക്ക് പുറപ്പെടും മുമ്പ് ട്രംപ് പ്രതികരിച്ചിരുന്നു.

തീരുവ കരാർ

നീട്ടാൻ നീക്കം

2025 ഒക്ടോബറിൽ പരസ്പരം ഇരുവരും ഏർപ്പെടുത്തിയ തീരുവ താത്കാലികമായി നിറുത്തിവയ്ക്കാനുണ്ടാക്കിയ കരാർ നീട്ടാൻ ഇരുനേതാക്കളും ഈ കൂടിക്കാഴ്ചയിലൂടെ ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. വ്യാപാര കമ്മി കുറയ്ക്കാനായി ബോയിംഗ് വിമാനങ്ങൾ, സോയാബീനും ബീഫും അടക്കമുള്ള കാർഷിക ഉത്പന്നങ്ങൾ, ഊർജ ഉത്പന്നങ്ങൾ എന്നിവ വൻതോതിൽ വാങ്ങാൻ ചൈനയ്ക്കുമേലുള്ള യു.എസ് സമ്മർദ്ദം തുടരുന്നുണ്ട്. യു.എസിന്റെ ഹൈടെക്, പ്രതിരോധ സാമഗ്രി നിർമാണത്തിന് അനിവാര്യമായ റെയർ എർത് മിനറൽസുമായി ബന്ധപ്പെട്ട കരാർ ദീർഘിപ്പിക്കുന്നതും ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. സെമികണ്ടക്ടർ മേഖലയിലെ നിയന്ത്രണങ്ങളിൽ അയവു വരുത്താൻ ചൈന സമ്മർദ്ദം ചെലുത്തുമ്പോൾ, യു.എസ് തിരിച്ചും ചില വിട്ടുവീഴ്ചകൾക്ക് തയാറാകുമെന്നാണ് റിപ്പോർട്ട്.

ഇറാൻ - തായ്‌വൻ ഡീൽ

ഷി ജിൻപിംഗിന്റെ അജൻഡയിൽ ഒന്നാം സ്ഥാനത്താണ് തയ്‌വാൻ. ട്രംപ് ഇറാൻ ഡീൽ ആഗ്രഹിക്കുമ്പോൾ, തയ്‌വാന്റെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കില്ലെന്ന നിലപാട് യു.എസ് എടുക്കണമെന്ന് ചൈനയും ആഗ്രഹിക്കുന്നു. ആദ്യ ഘട്ടമായി, തായ്‌വാനു യു.എസിന്റെ ആയുധങ്ങൾ വിൽക്കുന്നതു കുറയ്ക്കണമെന്ന് ചൈന ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ യു.എസ് നിലവിലെ നിലപാട് ആവർത്തിക്കാനാണ് സാദ്ധ്യത.

ഇലോൺ മസ്കും

ഇലോൺ മസ്‌ക് (ടെസ്‌ല/സ്‌പേസ്എക്സ്), ടിം കുക്ക് (ആപ്പിൾ) എന്നിവർ ഉൾപ്പെടെ യു.എസിലെ പ്രമുഖ 17 കമ്പനികളുടെ സി.ഇ.ഒമാർക്ക് ഒപ്പമാണ് ട്രംപ് ഇന്നലെ ബീജിംഗിലെത്തിയത്. സാങ്കേതികവിദ്യാ ഇടപാടുകൾ ചർച്ച ചെയ്യുകയും വികസിത നിർമ്മിതബുദ്ധിയുടെ (എ.ഐ) അപകട സാദ്ധ്യതകളെക്കുറിച്ച് ആശയ വിനിമയത്തിനുള്ള മാർഗങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360