
കിൻഷസ: എബോള വൈറസ് പടരുന്ന ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഉയരുന്നു. എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പ്രകാരം ആരോഗ്യ പ്രവർത്തകർ സംസ്കരിക്കുന്നതിൽ പ്രതിഷേധിച്ചാണ് ആക്രമണങ്ങൾ കൂടുതലും.
സൗത്ത് കിവു പ്രവിശ്യയിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ മെഡിക്കൽ ടീമിന് മരണപ്പെട്ടയാളെ അടക്കം ചെയ്ത പെട്ടി ഉപേക്ഷിച്ച് പോകേണ്ടിവന്നു. പരമ്പരാഗത രീതിയിൽ മൃതദേഹത്തെ കഴുകിയും സ്പർശിച്ചും അടക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാസ്ക് അടക്കം സുരക്ഷാ കിറ്റുകൾ വിതരണം ചെയ്ത റെഡ് ക്രോസ് അംഗങ്ങൾക്ക് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തു. ഐസൊലേഷൻ സംവിധാനങ്ങൾ അടക്കം ആരോഗ്യ കേന്ദ്രങ്ങളിലും ജനങ്ങളുടെ ആക്രമണം വ്യാപകമായെന്നാണ് കണക്ക്. ഇതിനിടെ, വിമത ഗ്രൂപ്പുകളുടെ ഏറ്റുമുട്ടൽ തുടരുന്നതും വെല്ലുവിളിയാണ്. എബോള ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ ഇത്തരം സംഭവങ്ങൾ മൂലം കഴിയാതെ വരുന്നു.
അതേ സമയം, രാജ്യത്ത് 1200ലേറെ പേർക്ക് രോഗം ബാധിച്ചെന്ന് സംശയിക്കപ്പെടുന്നു. ഇതിൽ 452 കേസുകൾ മാത്രമാണ് സ്ഥിരീകരിക്കാനായത്. 250ഓളം പേർ രോഗം ബാധിച്ച് മരിച്ചെങ്കിലും ഇതിൽ 82 എണ്ണം മാത്രമേ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ സാധിച്ചുള്ളൂ. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" എന്ന എബോള വകഭേദമാണ് പടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |