
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ താറുമാറായതിനു പിന്നാലെ, ഇറാനെ പ്രകോപിപ്പിക്കുന്ന പുതിയ നീക്കങ്ങളുമായി യു.എസ്. യുദ്ധത്തിന്റെ ഫലമായി ഗൾഫ് രാജ്യങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാന്റെ ആസ്തികൾ ഉപയോഗിക്കാൻ യു.എസ് ആലോചിക്കുന്നെന്നാണ് റിപ്പോർട്ട്.
യു.എസ് ഉപരോധം ഏർപ്പെടുത്തിയ ഇറാന്റെ 2400 കോടി ഡോളറിന്റെ വിദേശ ആസ്തി ഇതിനായി ഉപയോഗിക്കാനാണത്രെ നീക്കം. ഗൾഫ് രാജ്യങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
യു.എസ് നീക്കത്തെ അങ്ങേയറ്റം പ്രകോപനമായിട്ടാകും ഇറാൻ കാണുക.വിദേശ ആസ്തികൾ വിട്ടുനൽകാതെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് വഴങ്ങില്ലെന്ന് ഇറാൻ ആവർത്തിക്കവെയാണ് യു.എസിന്റെ നീക്കം.
അതേസമയം, ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയ്ക്ക് പ്രത്യേക സന്ദേശം കൈമാറാൻ ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി മൊഹ്സീൻ നഖ്‌വി ടെഹ്റാനിലെത്തി. മുടങ്ങിയ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള പാക് സേനാ മേധാവി അസിം മുനീറിന്റെ രഹസ്യ സന്ദേവുമായാണ് നഖ്‌വി എത്തിയത്.
# ആസ്തിയിൽ എണ്ണക്കപ്പലുകളും
യു.എസ് ഉന്നമിടുന്നത് വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ സമ്പത്ത്
വിദേശ ബാങ്കുകളിൽ നിന്ന് ഇറാന് പിൻവലിക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന പണമാണ് ഇതിലൊന്ന്. വിദേശ നിക്ഷേപങ്ങളും ഉൾപ്പെടും
നാവിക ഉപരോധത്തിന്റെ ഭാഗമായി യു.എസ് പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലുകളും അതിലെ ഉത്പന്നങ്ങളും ആസ്തിയിൽപ്പെടും
മരവിപ്പിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രത്യേക നിയമം വഴിയോ പിടിച്ചെടുത്ത എണ്ണ ലേലം ചെയ്തോ ആസ്തി കൈക്കലാക്കാം
മരവിപ്പിച്ച ഇറാന്റെ ആകെ ആസ്തി 12,000 കോടി ഡോളർ വരെ. യു.എസിൽ മാത്രം 200 കോടി ഡോളർ
# ഡ്രോൺ
തകർത്തു
ഇന്നലെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ രണ്ട് ഡ്രോണുകൾ കൂടി യു.എസ് വെടിവച്ചിട്ടു. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇവ ഭീഷണിയാണെന്ന് യു.എസ് പ്രതികരിച്ചു. ഇറാനിൽ യു.എസ് യുദ്ധം തുടങ്ങിയതിന്റെ 100 -ാം ദിനം കൂടിയായിരുന്നു ഇന്നലെ. ഏപ്രിൽ 8നാണ് വെടിനിറുത്തൽ നിലവിൽ വന്നത്.
# ചാരക്കണ്ണുമായി ഇസ്രയേൽ
ഇറാനുമായി ചർച്ചകൾ നടത്തുന്ന യു.എസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. യു.എസും ഇസ്രയേലും ചേർന്നാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയത്. എന്നാൽ ഇസ്രയേൽ നയതന്ത്ര ചർച്ചകളിൽ പങ്കെടുക്കുന്നില്ല. അതിനാൽ യു.എസിന്റെ നിലപാടുകൾ മനസിലാക്കാൻ ഇസ്രയേലി ചാരസംഘടനകൾ ശക്തമായ നിരീക്ഷണം നടത്തുന്നതായാണ് യു.എസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |