SignIn
Kerala Kaumudi Online
Monday, 08 June 2026 8.50 AM IST

വരാനിരിക്കുന്നത് രാക്ഷസത്തിര ?

pic

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 8.9 തീവ്രതയിലെ ശക്തമായ ഭൂകമ്പം 34 മീറ്റർ ( 111 അടി ) വരെ ഉയരത്തിലെ കൂറ്റൻ സുനാമിയ്ക്ക് കാരണമായേക്കാമെന്ന് ശാസ്ത്ര ലോകം. ഇത്തരം ഭൂകമ്പം എപ്പോഴാണ് ഉണ്ടാകാൻ സാദ്ധ്യത എന്ന് പ്രവചിക്കാനായിട്ടില്ല.

പടിഞ്ഞാറൻ ജാവ പ്രവിശ്യയുടെ തെക്കൻ തീരത്തും സുമാത്ര ദ്വീപിന്റെ തെക്ക് കിഴക്കൻ മേഖലയിലും രേഖപ്പെടുത്തിയ സീസ്മിക് പ്രവർത്തനങ്ങളിൽ നിന്നാണ് ഇത്തരം നിഗമനം.

ഇത്തരം തീവ്രതയിലെ ഒരു ഭൂകമ്പമുണ്ടായാൽ അത് 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നാശം വിതച്ച സുനാമിയുമായി സാമ്യമുള്ളതായിരിക്കും എന്നത് ആശങ്കയുണർത്തു. അന്ന് ഡിസംബർ 26ന് സുമാത്ര തീരത്ത് കടലിനടിയിൽ 9.1 തീവ്രതയിലെ ഭൂകമ്പമുണ്ടായതാണ് ഇന്ത്യയെ അടക്കം നടുക്കിയ സുനാമിയ്ക്ക് കാരണമായത്. 14 രാജ്യങ്ങളിലായി ഏകദേശം 227,800 ഓളം മനുഷ്യരുടെ ജീവനാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2004 സുനാമി കവർന്നത്.

2009 മുതൽ 2020 വരെയുള്ള ഡേറ്റകളിൽ നിന്ന് റിക്ടർ സ്കെയിലിൽ നാലോ അതിൽ കൂടുതലോ തീവ്രതയോട് കൂടിയ ഭൂകമ്പങ്ങളുടെ 1,000ത്തിലേറെ പ്രഭവ കേന്ദ്രങ്ങളുടെ മാപ്പ് തയാറാക്കിയാണ് ഭാവിയിലുണ്ടായേക്കാവുന്ന കൂറ്റൻ സുനാമിത്തിരയുടെ ഉയരം ഗവേഷകർ കണക്കുകൂട്ടിയത്.

ഭൂകമ്പത്തിന്റെ തീവ്രതയെ ആശ്രയിച്ചാകും സുനാമിത്തികളുടെ ഉയരം. സുമാത്രയിലും ജാവയിലും യഥാക്രമം 11.8 മീറ്റർ, 10.6 മീറ്റർ ഉയരമാണ് സുനാമിത്തിരകൾക്ക് ഗവേഷകർ ശരാശരി കണക്കാക്കുന്നത്. ഓരോ 500 വർഷം കൂടുമ്പോഴും ജാവയിൽ ഒരു മെഗാ ഭൂകമ്പം ഉണ്ടായേക്കാമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള മേഖലകളിലൊന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360