SignIn
Kerala Kaumudi Online
Saturday, 20 June 2026 9.43 AM IST

യു.എസിന്റെ കാണാമറയത്തെ അണുബോംബുകൾ

pic

വാഷിംഗ്ടൺ : ലോകത്താദ്യമായി ആണവാക്രമണമുണ്ടായ സ്ഥലമാണ് ജപ്പാനിലെ ഹിരോഷിമ. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകൾ 226,000 ത്തോളം മനുഷ്യരുടെ ജീവനാണ് കവർന്നത്.

ഹിരോഷിമ ആക്രമണത്തിന് ശേഷം യു.എസിന്റെ പക്കലുണ്ടായിരുന്ന അണുബോംബുകളിൽ മൂന്നെണ്ണം നഷ്ടമായെന്നും പൊട്ടിത്തെറിച്ചിട്ടില്ലാത്ത അവ എവിടെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമാണ് പറയപ്പെടുന്നത്. കാണാതായ ഒരു തെർമോന്യൂക്ലിയർ / ഹൈഡ്രജൻ ബോംബ് ഫിലിപ്പീൻസ് കടലിന്റെ അടിത്തട്ടിലെവിടെയോ ഉണ്ടെന്നാണ് കരുതുന്നത്.

ഹിരോഷിമയിൽ പതിച്ച 'ലിറ്റിൽ ബോയ്' ബോംബിനേക്കാൾ 70 മടങ്ങ് ശക്തമാണത്രേ ഈ ബോംബ്. 1958 മുതൽ 1968 വരെയുള്ള പത്ത് വർഷത്തിനിടെയാണ് മൂന്ന് ബോംബുകളും യു.എസിന്റെ കൈയ്യിൽ നിന്ന് നഷ്ടമായത്. യഥാർത്ഥത്തിൽ 1950കൾ മുതൽ രണ്ട് ഡസനിലേറെ അബദ്ധത്തിലുള്ള വിക്ഷേപണങ്ങളും ആണവായുധങ്ങളുടെ മോഷണമോ സ്ഫോടനമോ നഷ്ടമാകലോ സംഭവിച്ചിട്ടുണ്ടെന്നുമാണ് കണക്ക്. എന്നാൽ വെറും മൂന്നെണ്ണം മാത്രമാണ് ഔദ്യോഗിക രേഖകളിൽ.

1958 ഫെബ്രുവരിയിൽ ജോർജിയയിൽ ടൈബി ഐലൻഡിന് സമീപത്താണ് ആദ്യ ബോംബ് അപ്രത്യക്ഷമായത്. ലാൻഡിംഗിനായി ഭാരം കുറയ്ക്കേണ്ടതിനാൽ ഈ ബോംബിനെ താഴേക്ക് ഇറക്കവെയാണ് നഷ്ടമായത്. 1965 ഡിസംബർ 5ന് ഫിലിപ്പീൻസ് കടലിൽ വച്ച് ലാൻഡിംഗ് ബോട്ടിൽ നിന്ന് ഒരു ബോംബർ ജെറ്റ് താഴേക്ക് പതിച്ചിരുന്നു. വിമാനത്തെയോ അതിലെ പൈലറ്റിനേയും ആണവബോംബിനേയും പിന്നീട് ആരും കണ്ടിട്ടില്ല.

1968 മേയ് 22നാണ് മൂന്നാമത്തെ സംഭവം. അന്ന് ആണവ അന്തർവാഹിനിയായ യു.എസ്.എസ് സ്കോർപിയൻ അറ്റ്‌ലാൻഡിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മുങ്ങി. അന്തർവാഹിനിയിലുണ്ടായിരുന്ന 99 പേരെയും ആണവ ടോർപിഡോയും കാണാതായി.

കാണാതായ ആയുധങ്ങൾക്കായി അമേരിക്കൻ ടീം ശക്തമായ തെരച്ചിലുകൾ നടത്തിയെങ്കിലും ഇന്നും അവ കാണാമറത്താണ്. ഉഗ്ര ശേഷി ഉള്ളവയായതിനാൽ ഒരു പാരിസ്ഥിതിക ദുരന്തത്തിലേക്ക് അവ വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ട്. അതേ സമയം, ഇവയുടെ തിരോധാനം സംബന്ധിച്ച് നിരവധി കഥകളും പ്രചാരത്തിലുണ്ട്. അട്ടിമറിയും ചാരവൃത്തിയും മുതൽ സർക്കാർ ഉദ്യോഗസ്ഥർ ചേർന്നുള്ള ഗൂഢാലോചന വരെ ഇക്കൂട്ടത്തിലുണ്ട്.

അതേ സമയം, ഈ ബോംബുകൾ ഒരു ആണവ സ്ഫോടനത്തിന് കാരണമാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അണുബോംബ് പൊട്ടിത്തെറിയുടെ പ്രത്യാഘാതങ്ങൾ എത്രത്തോളം വലുതാണെന്ന് ലോകത്തിനറിയാം. അതിനാൽ കാണാമറയത്തുള്ള ഈ ആണവ ഭീകരൻമാർ എന്നും ഒരു ആശങ്ക തന്നെയാണ്. അപകടകാരികളായ ആണവായുധങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട ആവശ്യകതയിലേക്കും ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360