
കറാച്ചി: അൽ ജസീറ അടക്കം വാർത്താ വെബ്സൈറ്റുകൾക്ക് പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. പാക് അധിനിവേശ കാശ്മീരിലെ ജനകീയ പ്രക്ഷോഭവും സൈന്യത്തിന്റെ വെടിവയ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. പാക് ഭരണകൂടം വിലക്ക് ഔദ്യോഗകമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു. ഇതിനിടെ അൽ ജസീറ പക്ഷപാതപരമായി പെരുമാറുന്നെന്നും അധിനിവേശ കാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തെറ്റായി ചിത്രീകരിക്കുന്നെന്നും പാക് ഇൻഫർമേഷൻ - ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പരസ്യമായി കുറ്റപ്പെടുത്തി. പാക് അധിനിവേശ കാശ്മീരിൽ ജൂൺ മുതൽ തുടരുന്ന പ്രക്ഷോഭത്തിനിടെ 80ലേറെ പേർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ജൂലായ് 27നാണ് മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് തുടങ്ങിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് - സൈനിക നടപടികളിൽ മാത്രം 40 ലേറെ പേർ കൊല്ലപ്പെട്ടു. പ്രദേശത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |