
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് ഇന്നത്തെ ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പറഞ്ഞത്.
വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വം, ഭീകരത, സൈബർ സുരക്ഷ, അപകട സാദ്ധ്യതയുള്ള പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ പാരമ്പര്യേതര ഭീഷണികളെക്കുറിച്ച് മോദി ചർച്ച ചെയ്‌തു. ആഗോളതലത്തിൽ ദ്രുതഗതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന വേദിയാണ് ബ്രിക്സ്. സഹകരണം വർദ്ധിപ്പിക്കാനും ദൗർബല്യങ്ങൾ പരിഹരിക്കാനും അംഗരാജ്യങ്ങളായ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നിവയോട് മോദി ആഹ്വാനം ചെയ്തു.
പ്രായോഗിക സഹകരണം മുന്നോട്ട് കൊണ്ടുപോകാനും വികസിത രാജ്യങ്ങളുടെ മുൻഗണനകളെ പിന്തുണയ്ക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തിന് സംഭാവന നൽകാനും ബ്രിക്‌സിന്റെ അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.
ബ്രസീൽ രാഷ്ട്രീയ കാര്യ സെക്രട്ടറി കാർലോസ് മാർസിയോ ബികാൽഹോ കൊസെൻഡെ, റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ദക്ഷിണാഫ്രിക്കൻ പ്രസിഡൻസി മന്ത്രി ഖുംബുഡ്‌സോ നത്ഷാവേനി, യു.എ.ഇ സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മദ് അൽ ഷംസി,
ഈജിപ്‌ത സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് മേധാവി അലാ യൂസഫ്, ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഗാദിർ നെസാമിപൂർ, ഇന്തോനേഷ്യൻ നാഷണൽ റെസിലിയൻസ് കൗൺസിൽ ജിയോ-ഇക്കണോമി ഡെപ്യൂട്ടി യായാത് റുയാത്, എത്യോപ്യൻ നാഷണൽ ഇന്റലിജൻസ് ആന്റ് സെക്യൂരിറ്റി സർവീസ് മേധാവി ലെമ ടാഡെസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
ബ്രിക്‌സ് സഖ്യത്തിന് ലോക സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുണ്ടെന്ന് ഡൽഹിയിൽ സമാപിച്ച 16-ാമത് ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |