
ആക്രമണം സ്കൂളിലും പ്രതിയുടെ വീട്ടിലും
ബാങ്കോക്ക്: പതിനാലുകാരനായ സ്‌കൂൾ വിദ്യാർത്ഥി നടത്തിയ കൂട്ടവെടിവയ്‌പിൽ വിറച്ച് തായ്‌ലൻഡ്. മുത്തച്ഛനെയും മുത്തശ്ശിയേയും അദ്ധ്യാപകരെയും അടക്കം ഏഴുപേരെയാണ് വെടിവച്ചുകൊന്നത്. പിന്നാലെ കുട്ടി സ്വയം വെടിയുതിർത്ത് മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ നൊന്തപുരി പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. വീട്ടിൽ മുത്തച്ഛന്റെ കൈത്തോക്ക് കൈക്കലാക്കിയ കുട്ടി, ആദ്യം മുത്തച്ഛനെയും പിന്നാലെ മുത്തശ്ശിയേയും കൊലപ്പെടുത്തി. തുടർന്ന് താൻ പഠിക്കുന്ന ദേബ്‌സിരിൻ നൊന്തപുരി സ്കൂളിലെത്തി ക്ലാസ് റൂമുകൾ കയറിയിറങ്ങി വെടിവയ്പ് നടത്തി. അഞ്ച് അദ്ധ്യാപകരും സ്റ്റാഫ് അംഗങ്ങളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുട്ടികളില്ലെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. വെടിവയ്പിനെ തുടർന്ന് കുട്ടികൾ ഭയന്ന് സ്കൂളിന് പുറത്തേക്ക് ചിതറിയോടി. സുരക്ഷാ വേലികൾ ചാടുന്നതിനിടെ വീണ് പലർക്കും പരിക്കേറ്റു. അന്വേഷണം ആരംഭിച്ചു. സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു.
# ഗെയിമിന് അടിമ,
ഇഷ്ടം തോക്കുകളോട്
ആക്രമണം വ്യക്തമായ ആസൂത്രണത്തോടെ. കുട്ടി സ്കൂളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് റിപ്പോർട്ട്. സഹപാഠികളിൽ നിന്ന് പരിഹാസം നേരിട്ടെന്നും സൂചന
കുട്ടി വീഡിയോ ഗെയിമുകൾക്ക് അടിമ. തോക്കുകളോട് കടുത്ത ആരാധന. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പമായിരുന്നു താമസം
സംഭവത്തിന് പിന്നാലെ രാജ്യത്ത് തോക്കുകളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം. തോക്കുനിയന്ത്രണത്തിന് പുതിയ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |