
ടെൽ അവീവ്: രണ്ട് പതിറ്റാണ്ടോളം ഗാസയെ നിയന്ത്രിച്ചിരുന്ന ഭരണസമിതി പിരിച്ചുവിട്ട് ഹമാസ്. ഭരണത്തിന്റെ ചുമതലയുണ്ടായിരുന്ന എമർജൻസി കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അൽ-ഫറ രാജിവച്ചു. യു.എസ് ആവിഷ്കരിച്ച സമാധാന കരാർ പ്രകാരം ഗാസയുടെ ഭരണം പാലസ്തീനിയൻ സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന എൻ.സി.എ.ജിക്ക് (നാഷണൽ കമ്മിറ്റി ഫോർ ദ അഡ്‌മിനിസ്ട്രേഷൻ ഒഫ് ഗാസ) കൈമാറും. എന്നാൽ അധികാര കൈമാറ്റം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.
രാഷ്ട്രീയ പാർട്ടികളിൽ പെടാത്ത 15 പേരെയാണ് യു.എസിന്റെ മേൽനോട്ടത്തിൽ സമിതിയിൽ നിയമിച്ചിട്ടുള്ളത്. പാലസ്തീനിയൻ അതോറിറ്റിയിലെ മുൻ മന്ത്രി അലി സാത്ത് ആണ് സമിതിയുടെ തലവൻ. അതേ സമയം, ഹമാസിന്റെ ഭരണസമിതി പിരിച്ചുവിട്ടെങ്കിലും, ഹമാസ് നിയമിച്ച മന്ത്രാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനം തുടരും. ഗാസയിൽ ഇസ്രയേൽ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളുടെ സുരക്ഷാ മേൽനോട്ടവും ഹമാസ് നിലനിറുത്തും.
2007ലാണ് ഗാസയുടെ ഭരണം ഹമാസിന് ലഭിച്ചത്. രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 10നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച പദ്ധതി പ്രകാരം ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നുണ്ട്.
പ്രതീകാത്മകം മാത്രം
ഹമാസിന്റെ നീക്കം പ്രതീകാത്മകമായി കണക്കാക്കുന്നു
ഹമാസ് അടക്കം പാലസ്തീനിയൻ ഗ്രൂപ്പുകളുടെ നിരായുധീകരണമാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിന്മാറാതെ ആയുധം താഴെവയ്ക്കില്ലെന്ന് ഹമാസ്
എൻ.സി.എ.ജിയെ സുരക്ഷാ കാരണങ്ങളാൽ ഇസ്രയേൽ ഇനിയും ഗാസയിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല
ഗാസയുടെ 60 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിൽ
# ഗാസയിൽ ഇസ്രയേലിന്റെ ആക്രമണങ്ങളും ഉപരോധങ്ങളും അവസാനിപ്പിക്കാനാണ് ഈ നീക്കം.
- ഹമാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |