SignIn
Kerala Kaumudi Online
Friday, 17 July 2026 1.32 AM IST

ഹോർമുസ് വഴിയുള്ള കപ്പലിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത് കപ്പൽ കമ്പനികളെ വിലക്കി ഉത്തരവ്

READ ENGLISH VERSION
iran

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ ജീവനക്കാരെ വിന്യസിക്കുന്നത് വിലക്കി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. മാരിടൈം അഡ്‌മിനിസ്ട്രേഷൻ ഡയറക്‌ടർ ജനറലാണ് (ഡി.ജി.എം.എ) ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം രണ്ട് നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്.

ഫെബ്രുവരിയിൽ സംഘർഷം തുടങ്ങിയ ശേഷം 13 ഇന്ത്യക്കാർ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കപ്പൽ ഉടമകൾക്കും കപ്പൽ ഏജൻസികൾക്കുമാണ് ഉത്തരവ് നൽകിയത്. എന്നാൽ, ഗൾഫ് അടക്കം മറ്റു രാജ്യങ്ങളിലെ ജോലിയുടെ ഭാഗമായി കപ്പലിൽ ഡ്യൂട്ടി ചെയ്യുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ഇതു പാലിക്കുമോ എന്ന് വ്യക്തമല്ല. സംഘർഷ മേഖലയിലുള്ള കപ്പലുകളിലെ ഡ്യൂട്ടി മാറ്റം ഏതെങ്കിലും തുറമുഖത്ത് അടുത്താൽ മാത്രമേ സാദ്ധ്യമാവൂ എന്നതിനാൽ അശങ്ക മാറുന്നുമില്ല.

വിമാന സർവീസിലും ആശങ്ക

ടെഹ്റാൻ: ഇറാൻ- യു.എസ് ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായതോടെ വിമാന സർവീസുകൾ ഏതു നിമിഷവും നിശ്ചലമാവുമെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. അവസാന നിമിഷം സർവീസ് വൈകാനോ യാത്രാപാതയിൽ മാറ്റമുണ്ടാകാനോ സാദ്ധ്യതയുണ്ടെന്ന് വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകി.

ഇന്നലെ രാവിലെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടക്കം വൈകി. വ്യോമപാത എപ്പോൾ വേണമെങ്കിലും അടയ്ക്കാമെന്ന് കുവൈറ്റിന്റെ ജസീറ എയർവേയ്സ് മുന്നറിയിപ്പ് നൽകി. ഷെഡ്യൂളിലെ ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ ഗൾഫ് വിമാന കമ്പനികളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.

ചെങ്കടലും അടയും

സിവിലിയൻ ഊർജ്ജ കേന്ദ്രങ്ങൾ യു.എസ് തകർത്താൽ ചെങ്കടലിലെ കപ്പൽ ഗതാഗതം തടയണമെന്ന് യെമനിലെ ഹൂതി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകി. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സജ്ജമാണ്. ഇത് അടഞ്ഞാൽ ഇന്ത്യയെ അടക്കം ബാധിക്കും.


എണ്ണക്കപ്പൽ

തകർത്ത് യു.എസ്

 ഇറാന്റെ ഖാർഗ് ദ്വീപിലേക്കെത്താൻ ശ്രമിച്ച എണ്ണക്കപ്പലിനെ യു.എസ് ആക്രമിച്ചു.തെക്കൻ ഇറാനിലെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു. ടെഹ്റാൻ അടക്കം ലക്ഷ്യമിട്ടു

 അഹ്‌വാസിൽ കുട്ടികളുടെ ക്യാൻസർ ആശുപത്രിക്ക് സമീപം യു.എസ് ബോംബിംഗ്

 ഗൾഫിലെ ഇന്ധന കയറ്റുമതി പൂർണമായും സ്തംഭിപ്പിക്കുമെന്ന് ഇറാൻ. ബഹ്റൈൻ, കുവൈറ്റ്,​ ജോർദ്ദാൻ എന്നിവിടങ്ങളിൽ ഇറാന്റെ ആക്രമണം ചെറുത്തു. ആളപായമില്ല

 ചാരവൃത്തി സംശയിച്ച് 2024ൽ കസ്റ്റഡിയിലെടുത്ത ഇറാനിയൻ - അമേരിക്കൻ വനിതയെ ഇറാൻ മോചിപ്പിച്ചു.


# ഞായറാഴ്ച മുതൽ യു.എസ് ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവർ - 35

പരിക്കേറ്റവർ - 300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360