
വാഷിംഗ്ടൺ: ക്യൂബയെ നിരീക്ഷിക്കാൻ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ പ്രത്യേക ടാസ്ക് ഫോഴ്സിനെ രഹസ്യമായി രൂപീകരിച്ചതായി റിപ്പോർട്ട്. ക്യൂബയിൽ യു.എസ് ആഗ്രഹിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, നേതൃത്വ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു ഏകീകൃത ഇന്റലിജൻസ്, രഹസ്യ പ്രചാരണം സംഘടിപ്പിക്കുകയാണത്രെ ഈ യൂണിറ്റിന്റെ പ്രധാന ദൗത്യം.
ഭരണകൂടത്തിലെ ഭിന്നതകൾ കണ്ടെത്തി മുതലെടുക്കുകയെന്നത് ഈ ടാസ്ക് ഫോഴ്സിന്റെ പ്രധാന തന്ത്രമാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നു. അതിലൂടെ യു.എസ് വിരുദ്ധരായ നേതാക്കളെ മാറ്റി പകരം യു.എസുമായി സഹകരിക്കാൻ താല്പര്യമുള്ളവരെ കൊണ്ടുവരുകയാണത്രെ ലക്ഷ്യം. ക്യൂബൻ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കും.
വെനസ്വേലയുടെ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ പുറത്താക്കിയ പിന്നാലെ അവരുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബയ്ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദ തന്ത്രങ്ങൾ ശക്തമാക്കിയിരുന്നു. യു.എസ് ഉപരോധം തുടരുന്നതിനാൽ കടുത്ത ഊർജ്ജ ക്ഷാമത്തിലാണ് ക്യൂബ നിലവിൽ.
ക്യൂബ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് യു.എസ് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. റഷ്യൻ, ചൈനീസ് ആയുധങ്ങൾ ക്യൂബൻ സർക്കാരിന്റെ കൈവശമുണ്ടെന്നും മേഖലയിലെ ഭീകരവാദത്തിന്റെ മുൻനിര സ്‌പോൺസർമാരിൽ ഒന്നാണ് ക്യൂബയെന്നും യു.എസ് ആരോപിച്ചിരുന്നു. വെനസ്വേലയ്ക്ക് പിന്നാലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള യു.എസിന്റെ സൈനിക നടപടി ക്യൂബയ്ക്കെതിരെയുണ്ടാകുമോ എന്ന ആശങ്കകളും നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |