
അസ്താന: 70 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൈബീരിയൻ കടുവയെ രാജ്യത്തേക്ക് തിരിച്ചെത്തിച്ച് കസഖ്‌സ്ഥാൻ. ഉമീത് എന്ന് പേരിട്ടിരിക്കുന്ന പെൺകടുവയെ കഴിഞ്ഞ 31നാണ് ഐൽ ബാൽഖാഷ് നാച്ചുറൽ റിസേർവിലേക്ക് സ്വതന്ത്രമാക്കിയത്. മദ്ധ്യേഷ്യയിൽ കടുവകളെ തിരികെയെത്തിക്കാനുള്ള കസഖ്‌സ്ഥാന്റെ പദ്ധതിയുടെ ആദ്യ ചുവടുവയ്പാണിത്. മദ്ധ്യേഷ്യയിൽ കാണപ്പെട്ടിരുന്ന കാസ്‌പിയൻ കടുവകൾക്ക് വംശനാശം സംഭവിച്ചതായി 2003ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
1948 ലാണ് കസഖ്‌സ്ഥാനിലെ അവസാന കാസ്‌പിയൻ കടുവയും ഇല്ലാതായത്. ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെട്ടതും കടുത്ത വേട്ടയാടലുമാണ് കാസ്‌പിയൻ കടുവകളെ തുടച്ചുനീക്കിയത്. ജനിതകപരമായി കാസ്‌പിയൻ കടുവകളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത കുടുംബാംഗമാണ് സൈബീരിയൻ കടുവ. റഷ്യയിലെ ഖബാറോവ്സ്‌ക് മേഖലയിൽ നിന്നാണ് ഉമീതിനെ പിടികൂടിയത്.
ഉമീതിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക ട്രാക്കിംഗ് കോളർ ഘടിപ്പിച്ചിട്ടുണ്ട്. ഉമീത് ജനവാസ മേഖലയ്ക്ക് 5 കിലോമീറ്റർ പരിധിക്കുള്ളിലെത്തിയാൽ അധികൃതർ മുന്നറിയിപ്പ് നൽകും. ഒരു ആൺ കടുവയെ കൂടി വൈകാതെ മേഖലയിൽ സ്വതന്ത്രമാക്കും. ഉമീതിനെ എത്തിക്കുന്നതിന് വർഷങ്ങൾക്ക് മുന്നേ തന്നെ കസഖ് പരിസ്ഥിതി മന്ത്രാലയം ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഡെൽറ്റകൾ പുനഃസ്ഥാപിച്ചു. 80,000ത്തിലേറെ മരങ്ങളും നട്ടു. 2035 ഓടെ അമ്പതോളം കടുവകളെയെങ്കിലും മേഖലയിൽ വേണമെന്നതാണ് അധികൃതരുടെ ലക്ഷ്യം.
അമുർ കടുവ എന്നും സൈബീരിയൻ കടുവ അറിയപ്പെടുന്നു. തെക്കുകിഴക്കൻ ചൈന, റഷ്യയിലെ വിദൂര കിഴക്കൻ മേഖല എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ ലോകത്തിലെ ഏറ്റവും വലിയ കടുവയാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവയ്ക്ക് 12 അടി വരെ നീളവും (വാൽ അടക്കം) 300 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |