
കിൻഷസ: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ) എബോള വ്യാപാനം രൂക്ഷമായി തുടരുന്നതിനിടെ, എംപോക്‌സ് (മങ്കിപോക്‌സ്) കേസ് കൂടി സ്ഥിരീകരിച്ചു. വടക്കുകിഴക്കൻ നഗരമായ ബുനിയയിലാണ് ഒരു എംപോക്സ് കേസ് കണ്ടെത്തിയത്. ബുനിയ സ്ഥിതി ചെയ്യുന്ന ഇട്ടൂരി പ്രവിശ്യയിലാണ് നിലവിൽ എബോള പടർന്നുപിടിക്കുന്നത്. ഇതുവരെ 7,890 പേർക്ക് എബോള രോഗം ബാധിക്കുകയും 3,799 പേർ മരണപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രിൽ വരെയുള്ള മൂന്ന് വർഷത്തിനിടെ 34,000 ത്തിലധികം പേർക്കാണ് കോംഗോയിൽ എംപോക്സ് കണ്ടെത്തിയത്. അതിന് ശേഷം ഇപ്പോഴാണ് രോഗം വീണ്ടും സ്ഥിരീകരിച്ചത്. 21 വയസുകാരിക്കാണ് രോഗം. മറ്റൊരു സ്ത്രീക്ക് കൂടി വൈറസ് ബാധ സംശയിക്കുന്നു. ഇരുവരും ഐസൊലേഷനിലാണ്.
എബോള പടർന്നുപിടിച്ചത് കോംഗോയുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെ മറ്റ് രോഗങ്ങൾ പടർന്നാൽ അവ ചെറുക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
1958ൽ ലോകത്ത് ആദ്യമായി ലബോറട്ടറി കുരങ്ങുകളിലാണ് എംപോക്‌സ് വൈറസിനെ തിരിച്ചറിഞ്ഞത്. ആദ്യമായി മനുഷ്യനിൽ കണ്ടെത്തിയത് 1970ൽ കോംഗോയിലാണ്. ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന എംപോക്‌സ് വൈറസ് 2022 മേയ് ആദ്യം മുതൽ യൂറോപ്യൻ രാജ്യങ്ങളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു.
വസൂരിയ്‌ക്ക് കാരണമായ ഓർത്തോപോക്‌സ് വൈറസ് ജീനസിൽപ്പെട്ടതാണ് എംപോക്സ് വൈറസ്. പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ശരീരത്തിൽ ചിക്കൻപോക്‌സിന് സമാനമായ ചെറു മുഴകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരദ്രവം, മുറിവ്, രോഗി ഉപയോഗിച്ച വസ്ത്രം എന്നിവയിലൂടെ രോഗം പകരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |