
ടോക്കിയോ: ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമാണ് ഫുകുഷിമ ദുരന്തം. 2011ൽ ജപ്പാനിലുണ്ടായ കൂറ്റൻ ഭൂകമ്പവും സുനാമിയും ഫുകുഷിമയിലെ ആണവ പവർ പ്ലാന്റിലുണ്ടാക്കിയ ദുരന്തത്തിന്റെ ആഘാതം ഇപ്പോഴും പ്രകൃതിയിൽ പ്രകടമാണ്. പ്രദേശത്തെ റേഡിയ ആക്ടീവ് മലിനീകരണത്തെ സംബന്ധിച്ച് ഗവേഷകർ പഠനങ്ങൾ തുടരുന്നുണ്ട്. പ്രദേശത്തെ പാമ്പുകളും ഇത്തരം പഠനങ്ങളുടെ ഭാഗമാണ്.
യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് ജോർജിയയിലെ ഗവേഷകർ പാമ്പുകളെ ഉപയോഗിച്ച് നേരത്തെ പ്രദേശത്ത് പഠനം നടത്തിയിരുന്നു. ജപ്പാനീസ് റാറ്റ് സ്നേക്കുകളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഇവയുടെ ശരീരത്തിൽ ചെറിയ ജി.പി.എസ് ട്രാൻസ്മിറ്ററുകൾ ഘടിപ്പിക്കുകയും ഫുകുഷിമ പവർപ്ലാന്റിന് വടക്ക് പടിഞ്ഞാറുള്ള അബുക്കുമ പ്രദേശത്ത് സ്വതന്ത്രമാക്കുകയും അവയുടെ സഞ്ചാരം നിരീക്ഷിക്കുകയുമായിരുന്നു. മാനുവൽ വി.എച്ച്.എഫ് ട്രാക്കിംഗിലൂടെയും പാമ്പുകളെ ഗവേഷകർ നിരീക്ഷിച്ചു.
അണുവികിരണവും പരിസ്ഥിതിയിലുണ്ടായ മലിനീകരണവും പ്രദേശത്തെ ജീവജാലങ്ങളുടെ പെരുമാറ്റത്തിലും ആവാസവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്താനായി. പാമ്പുകൾ കൂടുതൽ സമയവും മണ്ണിൽ ചെലവഴിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ച ആഘാതങ്ങൾ കണ്ടെത്താൻ അവ വളരെയേറെ സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു. നിരീക്ഷിച്ച പാമ്പുകളിൽ ഭൂരിഭാഗവും ഒഴിഞ്ഞ് കിടന്ന കെട്ടിടങ്ങളിലും ഷെഡുകളിലും മറ്റുമാണ് അഭയംതേടിയത്.
പൊതുവെ ചെറിയ പരിധിയിൽ മാത്രം സഞ്ചരിക്കുന്ന ജപ്പാനീസ് റാറ്റ് സ്നേക്കുകൾ മഞ്ഞ് കാലത്ത് മണ്ണിനടിയിലാണ് താമസിക്കുന്നത്. ഫുകുഷിമ പ്രദേശത്ത് ഇവ സാധാരണയിൽ കൂടുതൽ സഞ്ചരിച്ചത് മലിനീകരണം കൂടിയ ഭാഗങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ഗവേഷകർ പറയുന്നു. പ്രദേശത്തെ മണ്ണിലെ റേഡിയേഷൻ കൃത്യമായി മനസിലാക്കാൻ പാമ്പുകളുടെ സഹായം നിർണായകമായെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |