SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.56 AM IST

വ്യാജ വാർത്ത പ്രചരിപ്പിച്ചു: ചൈനയിൽ 73കാരൻ അറസ്റ്റിൽ

x

ബീജിംഗ്: ജനവാസ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കൊച്ചുകുട്ടിയുടെ മൃതദേഹം അടക്കം ചെയ്തിട്ടുണ്ടെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച 73കാരനെ ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ചെങ്ഡുവിലാണ് സംഭവം.

ഏഴുനില ഫ്ലാറ്റിന് മുകളിലുള്ള ടെറസിൽ ഒരു കല്ലറ കണ്ടെത്തിയെന്ന് അയൽവാസി പറഞ്ഞതിനെ തുടർന്ന് ലീ എന്ന സ്ത്രീ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 2017ൽ ഈ പഴയ ഫ്ലാറ്റ് വാങ്ങിയ ലീ, വർഷങ്ങളായി ഇത് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. 2009-ൽ രോഗബാധിതനായി മരണപ്പെട്ട, ആ കെട്ടിടത്തിൽ താമസിച്ചിരുന്ന ഏഴ് വയസ്സുകാരനായ ഒരു കുട്ടിയുടെ അന്ത്യവിശ്രമസ്ഥലമാണ് ഈ ടെറസ് എന്നായിരുന്നു അയൽവാസി ലീയോട് പറഞ്ഞത്.

ലീ നടത്തിയ പരിശോധനയിൽ ടെറസിൽ പല്ലുകളും എല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. വിവരം പ്രാദേശിക അധികാരികളെ അറിയിച്ചു. ഫ്ലാറ്റിന്റെ പഴയ ഉടമയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവസ്ഥലം സൂക്ഷ്മമായി പരിശോധിച്ച പൊലീസ് അവിടെ കല്ലറയൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു.

മൃഗങ്ങളുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഒരു സാധാരണ പൂന്തോട്ടം മാത്രമാണ് ടെറസിലുണ്ടായിരുന്നതെന്നും കണ്ടെത്തി. ലാബ് പരിശോധനകളിൽ ലീ കണ്ടെത്തിയ എല്ലിന്റെ ഭാഗങ്ങൾ കന്നുകാലികളുടേതോ വളർത്തുപക്ഷികളുടേതോ ആണെന്നും, പല്ലുകൾ മീനിന്റേതാണെന്നും തെളിഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ പൊലീസ് മരണരേഖകൾ പരിശോധിക്കുകയും പ്രദേശവാസികളോട് സംസാരിക്കുകയും ചെയ്തു. ഒടുവിൽ, 73 കാരനായ പ്രദേശവാസിയാണ് വ്യാജ വാർത്ത സൃഷ്ടിച്ച് ജനങ്ങളെ ഭീതിയിലാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. നുണ പ്രചരിപ്പിച്ചതിന്റെ കാരണം കസ്റ്റ‌ഡിയിൽ തുടരുന്ന ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. 500 യുവാൻ പിഴ ചുമത്തിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360