റിയാദ്: യു.എസിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും യെമനിൽ നിന്നുള്ള ഹൂതി വ്യോമാക്രമണങ്ങളെ ചെറുക്കാനാകാതെ സൗദി അറേബ്യ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ആശങ്കയിലാണ്.
ഇന്നലെയും മിസൈൽ, ഡ്രോൺ ആക്രമണം ഉണ്ടായെന്ന് സൗദി അറിയിച്ചു. ആളപായമോ നാശനഷ്ടമോ പുറത്തുവിട്ടില്ല. അരാംകോ പ്ലാന്റും എണ്ണ റിഫൈനറിയും ആക്രമിച്ചെന്ന് ഹൂതികൾ അവകാശപ്പെട്ടു. യെമനിലെ സനായിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി ശക്തമായി തിരിച്ചടിച്ചു. സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായി ഉണ്ടായ മാരക ആക്രമണങ്ങൾ ചെറുക്കാൻ കഴിയാത്തത് വലിയ പോരായ്മയായി. പ്രതിരോധ വീഴ്ച സംബന്ധിച്ച് സൗദി ആഭ്യന്തര അന്വേഷണം തുടങ്ങി.
ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ തന്നെ ഒത്തുതീർപ്പ് നിർദേശവുമായി സൗദിയെ സമീപിച്ചു. സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ ബന്ധപ്പെട്ടു. ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു.
റിയാദ് വിമാനത്താവളത്തിനുനേരെ ശനി, ഞായർ ദിവസങ്ങളിലുണ്ടായ മിസൈലാക്രമണങ്ങളിൽ തെലങ്കാന സ്വദേശി അടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്താവളം 17 വരെ അടച്ചിരിക്കുകയാണ്.
ഡ്രോണുകൾ കൂട്ടത്തോടെ
1. ഹൂതികൾ നൂറുകണക്കിന് വിലകുറഞ്ഞ ഡ്രോണുകളെ കൂട്ടത്തോടെ അയച്ച് വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. സൗദി അവയെ പ്രതിരോധിക്കുന്നതിനിടെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ കൂട്ടത്തോടെ തൊടുക്കും. ചില മിസൈലുകളെങ്കിലും ലക്ഷ്യത്തിലെത്തും.
2. റഡാർ, ഇൻഫ്രാറെഡ്, സോണാർ ട്രാക്കിംഗ് സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാൻ ശേഷിയുള്ള (സ്റ്റെൽത്ത് ടെക്നോളജി) മിസൈലുകളും ഡ്രോണുകളും ഹൂതികളുടെ കൈവശമുണ്ട് . റഡാറുകളെ മറികടക്കാൻ താഴ്ന്ന് പറക്കുന്ന ക്രൂസ് മിസൈലുകളും പക്കലുണ്ട്. ദിശമാറാൻ ശേഷിയുള്ള പോർമുനകൾ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ കരുത്ത്
3.ഇറാനിൽ നിന്നാണ് മിസൈലുകളും ഡ്രോണുകളും സാങ്കേതിക വിദ്യകളും ഹൂതികൾക്ക് കിട്ടുന്നത്. ഇറാനിൽ നിന്നും ചൈനയിൽ നിന്നും അനധികൃതമായി കടത്തുന്ന മിസൈൽ, ഇലക്ട്രോണിക് ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള രഹസ്യ കേന്ദ്രങ്ങൾ യെമനിലുണ്ട്.
സൗദിക്ക് സാമ്പത്തിക നഷ്ടം
ചെറുക്കാൻ സൗദി പ്രയോഗിക്കുന്നത് അമേരിക്കയുടെ പേട്രിയറ്റ്, താഡ് അടക്കമുള്ള അത്യാധുനിക ഇന്റർസെപ്റ്റർ മിസൈലുകൾ. കോടിക്കണക്കിന് ഡോളർ വിലയുള്ള ഇവയുടെ ശേഖരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എണ്ണ കേന്ദ്രങ്ങൾ ആക്രമണത്തിനിരയാകുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇന്ത്യൻ നാവികരെ കാണാതായി
ഹോർമുസ് കടലിടുക്കിനു സമീപം എണ്ണ ടാങ്കറിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി.
മറ്റ് 9 ഇന്ത്യക്കാരെ രക്ഷിച്ചു. ഞായറാഴ്ച ഒമാനിലെ സൊഹാർ തീരത്തിനു സമീപം നിക്കരാഗ്വ പതാക വഹിക്കുന്ന 'എം.ടി പെട്രോ ഡോൾഫിൻ" എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച മാർഷൽ ഐലൻഡ്സ് പതാകയുള്ള
'എം.ടി വാൽതേര "എന്ന കപ്പലും പിന്നാലെ ആക്രമിക്കപ്പെട്ടു. തീപിടിത്തമുണ്ടായെങ്കിലും 11 ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |