SignIn
Kerala Kaumudi Online
Saturday, 30 May 2026 8.02 PM IST

ഹണിമൂണിനിടെ യുവാവിനെ കൊന്നത് ഭാര്യ തന്നെ; മേഘാലയയിൽ ദമ്പതികളെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്

READ ENGLISH VERSION

sonam

ലക്‌നൗ: മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഭാര്യയെ ജീവനോടെ കണ്ടെത്തി. യുവതിയാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയാണ് (30) കൊല്ലപ്പെട്ടത്.

ഭാര്യയായ സോനത്തെ (24) ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കൊപ്പം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതിന് കാരണമെന്നും പൊലീസ് പറയുന്നു.

സംഭവം ഇങ്ങനെ

കഴിഞ്ഞ മേയ് 11നാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മേയ് 20ന് ഇവർ ഗുവാഹത്തിയിലും 23ന് ചിറാപുഞ്ചിയിലും എത്തി. പിന്നാലെ ദമ്പതികളെ കാണാതാകുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ പറഞ്ഞിരുന്നത്. തെരച്ചിലിനിടെ ജൂൺ രണ്ടിന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ സോനത്തെ കണ്ടെത്താനായില്ല. രാജയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പിന്നാലെ ഭാര്യക്കായുള്ള തെരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

കാണാതായ ദിവസം സോനത്തിനും രാജയ്ക്കും ഒപ്പം മൂന്ന് പുരുഷന്മാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗെെഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെയും കൂട്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. രാജയെ കൊലപ്പെടുത്തിയ ശേഷം ഇവർ ഉത്തർപ്രദേശിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

അതിവേഗം കേസ് തെളിച്ച പൊലീസിനെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ എക്സ് പേജിലൂടെ അഭിനന്ദിച്ചു. 'എഴുദിവസത്തിനുള്ളിൽ രാജ കൊലപാതക കേസിൽ മേഘാലയ പൊലീസ് ഒരു പ്രധാന വഴിത്തിരിവ് കണ്ടെത്തി. മദ്ധ്യപ്രദേശിൽ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യുവതി കീഴടങ്ങി. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്'- അദ്ദേഹം എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, INDORE, COUPLE, WIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY