SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.58 AM IST

ലഹരിക്കടത്ത് ഇടനിലക്കാരിൽ പ്രധാനികൾ മലയാളി വിദ്യാർത്ഥികൾ

drugs

കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്നതിനു പിന്നിൽ പ്രധാനികൾ ആഫ്രിക്കക്കാർ. നെെജീരിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ലഹരിക്കടത്തിൽ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ മാസം കോഴിക്കോട്ടെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. ലഹരിക്കടത്തിന്റെ ഇടനിലക്കാരിൽ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികളാണ്. ആസൂത്രണം, വിൽപ്പന, കടത്ത് തുടങ്ങി പല തലങ്ങളിലായാണ് ആഫ്രിക്കക്കാരുടെ പ്രവർത്തനം. കഴിഞ്ഞ മാസം പഞ്ചാബ് പഗ്വാര ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ ബി ടെക് വിദ്യാർത്ഥി കലഞ്ചന ഡേവിഡ് എന്റമി (22), ബി.ബി.എ വിദ്യാർത്ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെ പഞ്ചാബിൽ നിന്ന് കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. രണ്ടു പേരുടെ അക്കൗണ്ടുകളിലായി അഞ്ച് മാസത്തിനിടെ 1.3 കോടി രൂപ എത്തിയിരുന്നു. ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന് നേതൃത്വം നൽകുന്നത് ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ നെെജീരിയക്കാരും മറ്റുമാണ്. ബംഗളൂരുവിലും ഡൽഹിയിലും ഇവർ താമസിക്കുന്ന കോളനികളുണ്ട്. ഫുട്ബാൾ ടീമുകളിൽ കളിക്കാനും പഠിക്കാനുമായി എത്തുന്നവർ തിരികെ പോകാറില്ലെന്ന് പൊലീസ് പറയുന്നു. വിസിറ്റിംഗ് വിസയിലാണ് വരികയെങ്കിലും കാലാവധി കഴിഞ്ഞും അനധികൃതമായി ഇവിടെ തുടരുന്നു. ഗൾഫ് മലയാളികളിൽ പലർക്കും രാസലഹരി ബിസിനസിൽ പങ്കാളിത്തമുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്രസംഘത്തിലും ഗൾഫ് മലയാളികളും ടാൻസാനിയക്കാരുമുണ്ട്. ഇവരെ കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, ഇൻറർപോൾ, 'റോ' എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്.

  • പണമുണ്ടാക്കാൻ ലഹരിവഴി

ബംഗളൂരുവിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർത്ഥികളിൽ പലരും പെട്ടെന്ന് പണമുണ്ടാക്കാൻ ലഹരിക്കടത്തിൽ ഏർപ്പെടുന്നു. ഇടനിലക്കാരായും പ്രവർത്തിക്കുന്നു. പഠനം ഉപേക്ഷിച്ചും ചിലർ ലഹരിയിടപാട് നടത്തുന്നുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതീയുവാക്കൾ കാരിയർമാരാണ്. ഇവരിൽ ലഹരി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമുണ്ട്.

  • വിദേശത്തേക്ക് കടന്ന് ബ്രയാൻ

ഡേവിഡിന്റെ സുഹൃത്ത് ബ്രയാൻ എന്നയാൾക്കും കോഴിക്കോട്ടേക്കുള്ള ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയം. ഇയാൾ ഇന്ത്യയ്ക്ക് പുറത്തേക്ക് കടന്നു. ഇയാളുടെ പങ്കിനെപ്പറ്റി അന്വേഷണം തുടരുകയാണ്. കുന്ദമംഗലം പൊലീസിന് കിട്ടിയ വിവരങ്ങൾ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് കെെമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY