SignIn
Kerala Kaumudi Online
Tuesday, 31 March 2026 8.30 AM IST

യുവാവിനെ തട്ടിക്കൊണ്ട് പോയി കവ‌ർച്ച: ആസൂത്രകൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
delbin

കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് ഇടുക്കി സ്വദേശിയെയും സുഹൃത്തിനെയും ഒരു മാസം മുമ്പ് കാർ സഹിതം തട്ടിക്കൊണ്ട് പോയി 1.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സൂത്രധാരനായ ഗുണ്ട അറസ്റ്റിൽ. കൊച്ചി വാതുരുത്തി കുട്ടൻപറമ്പിൽ വീട്ടിൽ ഡെൽബിൻ ദേവസി (44)യാണ് ഹാർബർ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം തൈക്കാടിന് സമീപം ഒളിവിലായിരുന്നു.

വാഹന ഇടപാടുകാരനായ ഇടുക്കി സ്വദേശി ആഷിഖിനെയും സുഹൃത്ത് റിയാസിനെയും ഫെബ്രുവരി 12ന് രാത്രി ഐലൻഡിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ഡെൽബിന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന ഗുണ്ടാസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പൂത്തോട്ടയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് മർദ്ദിക്കുകയും ചെയ്തു. ഒന്നര ലക്ഷം രൂപയും കാറും കൈക്കലാക്കിയ ശേഷം 14ന് വഴിയരികിൽ തള്ളി.

തൈക്കാട്ടെ വീട്ടിൽ ഒളിവിൽ കഴിയവേ മൊബൈൽ ഫോൺ ഡെൽബിൻ പൂർണമായി ഒഴിവാക്കിയിരുന്നു. വൈഫൈ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടാളികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കൊച്ചി പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ സഹോദരൻ മുൻ കോർപ്പറേഷൻ കൗൺസിലറാണ്.

കേസിൽ ഒമ്പത് പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. ഡെൽബിനൊപ്പം മുഖ്യ പങ്കുവഹിച്ച ദിലീഷ്, അബു താഹിർ (അംബു), ക്രിസ്റ്റൽ ജോർജ് എന്നിവർ പിടിയിലാകാനുണ്ട്. എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ കെ.ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹാർബർ എസ്.എച്ച്.ഒ കെ. ദിലീഷ്, എസ്.ഐമാരായ സി.എം. ജോസി, പി. അനിൽകുമാർ, എൽ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തൈക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വധശ്രമം ഉൾപ്പെടെ 9 കേസുകളിൽ പ്രതി

ഡെൽബിൻ ദേവസി വധശ്രമം ഉൾപ്പെടെ 9 കേസുകളിലെ പ്രതിയാണ്. കാസർകോ‌ട് എക്സൈസിന്റെ നാർക്കോട്ടിക്ക് സെൽ മയക്കുമരുന്നുമായി പിടികൂടിയിട്ടുണ്ട്. എറണാകുളം സൗത്ത്, നോർത്ത്, തോപ്പുംപടി, ഹിൽപാലസ്, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്.

സമൂഹമാദ്ധ്യമം വഴിയാണ് ഇയാൾ ആഷിഖുമായി പരിചയപ്പെട്ടത്. ചേർത്തലയിലെ ക്വട്ടേഷൻ സംഘത്തലവൻ അരുണുമായി ആഷിഖിന് ബന്ധമുണ്ടെന്ന സംശയമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. ഡെൽബിനും അരുണും ശത്രുക്കളാണ്. അരുണിന് വാഹനങ്ങൾ നൽകി സഹായിക്കുന്നത് ആഷിഖാണെന്ന് ഡെൽബിൻ സംശയിച്ചിരുന്നു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.