
കട്ടപ്പന: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണിയാണ്(33) തുണി കഴുത്തിൽ കുരുങ്ങിയ നിലയിൽ കൊല്ലപ്പെട്ടത്.ഇയാളുടെ സുഹൃത്ത് പഴയ പഞ്ചായത്ത് ഭാഗത്ത് വള്ളോപ്പുള്ളിൽ സജയൻ രാമചന്ദ്രനെ(33) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാത്രി ഇരട്ടയാറിലായിരുന്നു സംഭവം.രാത്രി 11ന് രാഹുൽ സണ്ണിയും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുമ്പിലെ കെട്ടിടത്തിന് സമീപം ഇരുന്ന് മദ്യപിക്കുകയായിരുന്നു.ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പൊലീസ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മദ്യ ലഹരിയിൽ സംഭവിച്ച കൈയബദ്ധം എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.രാഹുലിന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.സജയനെതിരെ ഏഴോളം കേസുകൾ മുമ്പ് ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |