
കൊച്ചി: സ്നേഹിതന് സുരക്ഷിതമായി കൈമാറാൻ പോർട്ടർ ആപ്പ് വഴി യുവാവ് പാഴ്സലായി കൊടുത്തയച്ച 610 ഗ്രാം കഞ്ചാവ് വഴിതെറ്റിയെത്തിയത് വാഹന വർക്ക്‌ഷോപ്പിൽ. സ്പെയർപാർട്സാണെന്ന് കരുതി പാഴ്സൽ പൊട്ടിച്ച വർക്ക്‌ഷോപ്പ് ഉടമ കഞ്ചാവ് കണ്ട് ഞെട്ടി. കഞ്ചാവ് അയച്ച യുവാവിനെയും സ്വീകരിക്കാൻ കാത്തുനിന്ന സ്നേഹിതനെയും പൊലീസ് കൈയോടെ പൊക്കി,
വല്ലാർപാടത്തെ എൽ.ഇ.ഡി മൊഡ്യുൾ നിർമ്മാണ സ്ഥാപനത്തിൽ ജീവനക്കാരനായ കോട്ടയം കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശി നിഥിൻ (23), പാലാരിവട്ടം പാടിവട്ടം ആലിൻചുവടിലെ വാട്ടർപ്രൂഫിംഗ് സ്ഥാപനത്തിലെ അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് അമ്പലമേട് കരിമുകൾ കുഴിക്കാട് സ്വദേശി രോഹിത്‌രാജ് (24) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
കൈമാറിയത് സീപോർട്ട് എയർപോർട്ട് റോഡിൽ
മേയ് 20നായിരുന്നു ഇടപാട്. നിഥിനാണ് ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ബോക്സിലാക്കി കഞ്ചാവ് കൊടുത്തയച്ചത്. സീ പോർട്ട് -എയർപോർട്ട് റോഡിൽ ഈച്ചമുക്കിലെ ക്ലിനിക്കിന് സമീപത്ത് നിന്നാണ് പോർട്ടർക്ക് കൈമാറിയത്. പാഴ്സൽ കൈമാറാൻ അടയാളമായി കൊടുത്തത് രോഹിത് രാജ് ജോലി ചെയ്യുന്നതിന് സമീപം ജർമ്മൻ കാറുകൾ അറ്റകുറ്റപ്പണി നടത്തുന്ന ‘ഡ്രോൺസ് സ്റ്റാൻസ് ഗ്യാരേജാ’ണ്. വൈകിട്ട് 5.30ന് ഗ്യാരേജിൽ എത്തിയ പോർട്ടർ പാഴ്സലിൽ കൊടുത്ത രോഹിതിന്റെ ഫോൺനമ്പരിൽ വിളിക്കാൻ വിട്ടുപോയി. പകരം ഗ്യാരേജ് ഉടമ തോമസിന് പാഴ്സൽ കൈമാറി. പോർട്ടർ ആവശ്യപ്പെട്ട 120 രൂപ ഗൂഗിൾ പേ വഴി ഉടമ ഒടുക്കുകയും ചെയ്തു.
ബോക്സ് പൊട്ടിച്ച ഗ്യാരേജ് ഉടമ കഞ്ചാവാണെന്ന് മനസിലാക്കി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതിനിടെ പാഴ്സൽ കൈമാറിയെന്ന് ഫോണിൽ സന്ദേശം വന്ന നിഥിൻ സ്നേഹിതനെ വിളിച്ചപ്പോഴാണ് കിട്ടിയില്ലെന്ന് അറിയുന്നത്. പാഴ്സൽ അന്വേഷിച്ച് രോഹിത് ഗ്യാരേജിലെത്തിയപ്പോഴേക്കും പാലാരിവട്ടം എസ്.ഐ ഹരിശങ്കറിന്റെ നേതൃത്വത്തിൽ പൊലീസെത്തി. പൊലീസിനെ കണ്ടതോടെ രോഹിത് മതിൽ ചാടി രക്ഷപ്പെട്ടു.
ഗൂഗിൾ പേ തെളിവായി
ഗൂഗിൾ പേയിൽ പോർട്ടറുടെ ഫോൺനമ്പർ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് പാലാരിവട്ടത്തെ പോർട്ടർ ഓഫീസിലെത്തി പാഴ്സൽ ബുക്ക് ചെയ്ത നിഥിന്റെ നമ്പർ തപ്പിയെടുത്തു. ഞായറാഴ്ച നിഥിനെയും ഇന്നലെ രോഹതിനെയും അറസ്റ്റ് ചെയ്തു. ഒരുകിലോയ്ക്ക് താഴെയായതിനാൽ ഇരുവർക്കും ജാമ്യം നൽകി വിട്ടയച്ചെങ്കിലും കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |