
അഞ്ചുപേർക്കെതിരെ കേസ്
കൊച്ചി: അജ്ഞാത ഉറവിടങ്ങളിൽ നിന്ന് അക്കൗണ്ടുകളിലേക്ക് എത്തിയ 97 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം ബാങ്കിനെ അറിയിച്ച യുവാവിന് വധഭീഷണി. ഭീഷണിയെത്തുടർന്ന് എറണാകുളം സ്വദേശിയായ 33കാരൻ കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സംഘംചേർന്ന് ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
2022 മുതൽ 2025 വരെയുള്ള കാലയളവിൽ യുവാവിന്റെ അക്കൗണ്ടുകൾ വഴി 97 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ പ്രതികൾ നടത്തിയെന്നാണ് പരാതി. സ്വന്തം ഓഡിറ്റർമാരുമായി ചേർന്ന് സംഘടിതമായി നികുതി വെട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമായി തന്റെ ബാങ്ക് അക്കൗണ്ടും രേഖകളും ദുരുപയോഗം ചെയ്ത് വിശ്വാസവഞ്ചന കാട്ടിയെന്നാണ് യുവാവിന്റെ ആരോപണം.
തട്ടിപ്പിന് തുടക്കമിട്ടത് സുഹൃത്തുക്കൾ
അടയ്ക്ക ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2018ലാണ് പരാതിക്കാരന്റെ രണ്ട് സുഹൃത്തുക്കൾ തട്ടിപ്പിന് തുടക്കമിട്ടത്. ഇവരുടെ നിർദ്ദേശപ്രകാരം യുവാവ് പൊന്നാനിയിൽ വാടകമുറിയെടുത്ത് ജി.എസ്.ടി രജിസ്‌ട്രേഷനോടെ കമ്പനി ആരംഭിച്ചു. തുടർന്ന് പൊന്നാനിയിലെ സ്വകാര്യ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നു. ഇതിനിടെ സുഹൃത്തുക്കളോടൊപ്പം രണ്ടുപേർ കൂടി സംഘത്തിൽ ചേർന്നു. ഇവരുടെ നിർബന്ധത്തിന് വഴങ്ങി 2022ൽ ഡൽഹിയിലെ ചൗഹാൻ ബംഗാറിൽ യുവാവ് മറ്റൊരു സ്ഥാപനം കൂടി തുടങ്ങി.
അക്കൗണ്ട് മരവിപ്പിച്ചു
ഇവിടുത്തെ സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ഒപ്പിട്ട ചെക്ക് ബുക്കുകളും കമ്പനിയുടെ മുഴുവൻ രേഖകളും പ്രതികൾ കൈവശപ്പെടുത്തി. 2023ൽ സ്വകാര്യ ബാങ്കിന്റെ ഷാലിമാർ ഗാർഡൻ ശാഖയിലും അക്കൗണ്ട് ആരംഭിച്ച് ചെക്ക് ബുക്കുകൾ കൈക്കലാക്കി. 2024ൽ മുംബയിലെ ബാങ്ക് ശാഖയിൽ നിന്ന് യുവാവിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയതോടെ മുംബയ് സൈബർ പൊലീസ് ഈ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് അജ്ഞാത ഉറവിടങ്ങളിൽ നിന്ന് കോടികൾ അക്കൗണ്ടിലേക്ക് എത്തിയതോടെ പരാതിക്കാരൻ ബാങ്കിനെ സമീപിച്ച് അക്കൗണ്ട് ഫ്രീസ് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികൾ വധഭീഷണി മുഴക്കി തുടങ്ങിയതെന്ന് പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |