SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

വാടക അക്കൗണ്ട് തട്ടിപ്പ്: അന്വേഷണം ഊർജിതമാക്കി

a

​കഴക്കൂട്ടം: ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്കെടുത്ത് കോടികളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന 'മണി മ്യുൾ" ശൃംഖലയ്‌ക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിയടക്കം മൂന്ന് യുവാക്കൾക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തതിന് പിന്നാലെ തട്ടിപ്പ് ശൃംഖലയ്ക്ക് പിന്നിൽ വൻ അന്തർ സംസ്ഥാന സംഘങ്ങൾ പ്രവർത്തിക്കുകയാണെന്നാണ് പൊലീസിന്റെ സംശയം. മംഗലപുരം ​ശാസ്തവട്ടം സ്വദേശിയായ 20കാരൻ,വേങ്ങോട് സ്വദേശിയായ 56കാരൻ,വാലിക്കോണം സ്വദേശിയായ 22കാരൻ എന്നിവരുടെ അക്കൗണ്ടുകൾ വഴിയാണ് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്.

ഇവരിൽ നിന്ന് യഥാക്രമം 9.7 ലക്ഷം,9.7 ലക്ഷം,8.80 ലക്ഷം രൂപ വീതം തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്തിട്ടുണ്ട്. ​ഓൺലൈൻ തൊഴിൽ വാഗ്ദാനം ചെയ്‌ത് സോഷ്യൽ മീഡിയകളിൽ പരസ്യം നൽകിയാണ് സംഘം ഇരകളെ ആകർഷിക്കുന്നത്. പരസ്യങ്ങളിലെ ലിങ്കുകൾ വഴിയെത്തുന്നവരെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചേർത്ത് വ്യക്തിഗത രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കും. തുടർന്ന് നിശ്ചിത ദിവസത്തേക്ക് അക്കൗണ്ട് നൽകിയാൽ വലിയ തുക കമ്മിഷൻ വാഗ്ദാനം ചെയ്യും. ഒരുലക്ഷം രൂപയുടെ കൈമാറ്റത്തിന് 2000 രൂപ വരെയാണ് പ്രതിഫലം നൽകുന്നത്. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന മോഹത്തിൽ വിദ്യാർത്ഥികളും തൊഴിൽരഹിതരായ യുവാക്കളുമാണ് പ്രധാനമായും വീഴുന്നത്. ​

നേരത്തെ തന്നെ വ്യക്തിഗത രേഖകൾ കൈമാറുന്നതിനാൽ ഇരകൾക്ക് പിന്നീട് പിന്മാറാനും കഴിയുന്നില്ല. തട്ടിപ്പിലൂടെ കിട്ടുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ഈ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതാണ് ഇവരുടെ ശൈലി. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. സ്വന്തം അക്കൗണ്ടുകൾ മറ്റുള്ളവർക്ക് സാമ്പത്തിക ഇടപാടുകൾക്കായി വിട്ടുനൽകുന്നത് കുറ്റകൃത്യമാണെന്നും അക്കൗണ്ട് ഉടമയ്ക്കായിരിക്കുമെന്നും പൂർണ ഉത്തരവാദിത്വമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY