കല്ലമ്പലം: യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ച ശേഷം വിദേശത്തേക്ക് കടന്ന വധശ്രമക്കേസിലെ ഒന്നാം പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായി. നാവായിക്കുളം ഡീസന്റ്മുക്ക് ഐരമൺനില പുത്തൻ വീട്ടിൽ ബാപ്പു എന്ന സുരേഷാണ് പിടിയിലായത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണം. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും വിനേഷ്, നൗഫൽ, മനു, മുഹമ്മദ്. കൃഷ്‌ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും തലയിലും മുഖത്തും താടിയെല്ലിനും ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസ് സുരേഷിനൊപ്പം ഉണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും ഉടൻ അറസ്റ്റുചെയ്തിരുന്നു. എന്നാൽ അവധിക്ക് നാട്ടിലെത്തിയ ഒന്നാം പ്രതി സുരേഷ് വിദേശത്തേക്ക് മടങ്ങിപ്പോയിരുന്നു. ഖത്തറിൽ വെൽഡിംഗ് ജോലി ചെയ്യുകയായിരുന്ന ഇയാളെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ പ്രതിയെ തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡിവൈ.എസ്.പി പി.വി രമേശ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം സി.ഐ ദീപു.ഡി,എസ്.ഐമാരായ മനു,നിതിൻ,എസ്.സി.പി.ഒ അജീസ് എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |