SignIn
Kerala Kaumudi Online
Saturday, 29 August 2026 1.55 AM IST

92ദിവസം, 2784 റെയ്ഡ്: ‘ഓപ്പറേഷൻ തണ്ടറിൽ’ വൻ ലഹരിവേട്ട

excise

കൊല്ലം: ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയും തേടി പരിശോധന ശക്തമാക്കിയതോടെ ജില്ലയിൽ ലഹരിവിപണിക്ക് കുരുക്ക് മുറുകുന്നു. ഓപ്പറേഷൻ തണ്ടർ 92 ദിവസം പിന്നിടുമ്പോൾ 307എൻ.ഡി.പി.എസ് കേസുകളിലായി 279 പേരാണ് പിടിയിലായത്. 165ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയും 2.3കിലോഗ്രാം കഞ്ചാവും പിടികൂടി. 6.6ഗ്രാം മെത്താഫിറ്റാമിനും 26ഗ്രാം നൈട്രോസെഫാം ഗുളികകളും പിടിച്ചെടുത്തു.

ലഹരിയുടെ ഉറവിടം കണ്ടെത്താനും അന്തർസംസ്ഥാന കടത്ത് തടയാനും സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ റെയ്ഡുകളും മിന്നൽ പരിശോധനകളും തുടരുകയാണ്. ലഭ്യത കുറഞ്ഞതോടെ എം.ഡി.എം.എ ഉൾപ്പടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകൾക്ക് 30ശതമാനം വരെ വില കൂടിയതായാണ് വിവരം. കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചും മുൻകാല ലഹരി കേസുകളിലെ പ്രതികളെ നിരീക്ഷിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചടയമംഗലത്ത് 6.24ഗ്രാം ഹെറോയിനും 5.12ഗ്രാം കഞ്ചാവുമായി അസാം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അനധികൃതമായി സൂക്ഷിച്ച 200 കുപ്പി വിദേശ മദ്യവുമായി അഞ്ചാലുംമൂട് സ്വദേശിയെയും പിടികൂടി. ഇത്തരത്തിൽ മേയ് 28മുതൽ ആഗസ്റ്റ് 27വരെ 2784 റെയ്ഡുകളും 108 സംയുക്ത പരിശോധനകളുമാണ് ജില്ലയിൽ നടന്നത്. 22000 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. 478അബ്കാരി കേസുകളിലായി 366പേരും പിടിയിലായി. മൊത്തം 31 വാഹനങ്ങളാണ് പിടികൂടിയത്.

ഇതിൽ 14 എണ്ണം ലഹരി കടത്തിന് ഉപയോഗിച്ചവയാണ്. 219കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ 2448 പേർക്കെതിരെയാണ് കേസെടുത്തത്. 4.90ലക്ഷം പിഴ ഈടാക്കി. അടുത്തിടെ പിടികൂടിയവയിൽ മെട്രോ സിറ്റികളിൽ കണ്ടുവരുന്ന 5 ഗ്രാമോളം ഹൈബ്രിഡ് കഞ്ചാവുമുണ്ട്. ജില്ലയിൽ 82കഞ്ചാവ് ചെടികളാണ് ഓപ്പറേഷൻ തണ്ടറിലൂടെ പിടികൂടിയത്. ഇവയിൽ കേസെടുക്കുമെങ്കിലും അന്വേഷണം ദുഷ്കരമാണെന്ന് അധികൃതർ പറയുന്നു.

കള്ളുഷാപ്പുകളിലെ സാമ്പിൾ പരിശോധനയ്ക്ക്

'ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി ജില്ലയിലെ കള്ളുഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ളിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. വ്യാജക്കള്ള് കണ്ടെത്തുന്നതിനായാണ് സാമ്പിളുകൾ പരിശോധിക്കുന്നത്. പരിശോധനാഫലം ലഭിച്ചശേഷം ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഇതോടൊപ്പം ചെത്തുതോട്ടങ്ങളിലും കള്ള് കടത്തുന്ന വാഹനങ്ങളിലും ദിവസേന പരിശോധന തുടരുകയാണ്. മൂന്ന് ഇന്റർ സർക്കിൾ സ്ക്വാഡുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ മറ്റ് റേഞ്ചുകളിൽ പരിശോധന നടത്തുന്നുണ്ട്. കൊല്ലം സർക്കിളിലെ ഉദ്യോഗസ്ഥർ കരുനാഗപ്പള്ളിയിലും കൊട്ടാരക്കര സർക്കിളിലെ ഉദ്യോഗസ്ഥർ പത്തനാപുരം, പുനലൂർ മേഖലകളിലുമാണ് പരിശോധന നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION THUNDER, LATESTNEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY