
കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറെ നടുറോഡിൽ ആക്രമിച്ച കേസിൽ സ്വകാര്യബസ് ജീവനക്കാരായ മൂന്നുപേർ പിടിയിൽ. സജിമോൻ എന്ന സ്വകാര്യ ബസിലെ ജീവനക്കാരായ നഹാസ് (28), ബ്രിസ്റ്റോ മാത്യു (30), നസറുദ്ദീൻ (38) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 28ന് രാത്രി 7.45ഓടെ എറണാകുളം നോർത്ത് ടൗൺഹാളിന് മുന്നിലാണ് സംഭവം.
കോന്തുരുത്തി സ്വദേശി ഹാഷിം (54) ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ബസ് ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇതിന് പിന്നാലെ ബസ് ജീവനക്കാർ ഹാഷിമിനെ ഉപദ്രവിച്ചെന്നാണ് പരാതി. സംഭവദൃശ്യങ്ങൾ ‘ഷാനവാസ്’ എന്ന ഫേസ്ബുക്ക് പേജിൽ പ്രചരിച്ചതിനെ തുടർന്ന് 28ന് രാത്രി 11.45ഓടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സബ് ഇൻസ്പെക്ടർമാരായ സർജു, രാജേഷ് ചെല്ലപ്പൻ, സി.പി.ഓമാരായ മനീഷ് പി.എം, വിപിൻദാസ് സി.എസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |