
ആലുവ: മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസാം ധേമാജി സ്വദേശി മധുർജ്യ സോനോവാൾ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ വകുപ്പ് ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ആലുവ സബ് ജയിൽ സൂപ്രണ്ടിൽ നിന്ന് ജില്ലാ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തിയാണ് സൂപ്രണ്ട് വി.ജി. ഹരികുമാറിന്റെയും മറ്റ് വാർഡൻമാരുടെയും പ്രതിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ സെല്ലിൽ ഉണ്ടായിരുന്ന തടവുകാരുടെയും മൊഴി രേഖപ്പെടുത്തിയത്. തടവുകാരുടെ എണ്ണം അനുവദനീയമായതിന്റെ ഇരട്ടിയായതും മൂന്ന് സെല്ലുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതുമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
54 പ്രതികളെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ സംഭവം നടക്കുമ്പോൾ 117 പേരുണ്ടായിരുന്നു. 13 സെല്ലുകളിൽ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതിനാൽ ഇവിടത്തെ തടവുകാരും അടുത്ത സെല്ലുകളിലായിരുന്നു. വൈകിട്ട് പത്താം സെല്ലിലെ തടവുകാരെ കുളിക്കാൻ പുറത്തിറക്കിയ സമയത്താണ് പ്രതി രക്ഷപ്പെട്ടത്. ഗേറ്റ് കടന്നാണോ മതിൽ ചാടിയാണോ രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |