SignIn
Kerala Kaumudi Online
Sunday, 31 May 2026 12.14 PM IST

വാമനപുരത്ത് 50 വർഷത്തെ സിപിഎം കോട്ട തകർത്ത് യുഡിഎഫ്; സുധീർ ഷാ പാലോടിന് പതിനായിരത്തിലധികം വോട്ടിന്റെ ജയം

sudheersha-palode

തിരുവനന്തപുരം: തലസ്ഥാനത്ത് ഇടതുപക്ഷത്തിന്‍റെ ചെങ്കോട്ടകളിലൊന്നായിരുന്നു വാമനപുരം. കഴിഞ്ഞ 10 തിരഞ്ഞെടുപ്പുകളിലും ഇവിടെ സിപിഎം തേരോട്ടമായിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിം​ഗ് എംഎൽഎ ഡികെ മുരളിയിലൂടെ മണ്ഡലം നിലനിർത്തി ​ഇടത് കോട്ട കാത്തുസൂക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. മണ്ഡലത്തിലെ 50 വർഷമായുള്ള ഇടത് കോട്ട തകർത്തിരിക്കുകയാണ് യുഡിഎഫിന്റെ സുധീർ ഷാ പാലോട്. ഡികെ മുരളിയേക്കാൾ 10000 ലധികം വോട്ടിനാണ് സുധീർ ഷാ പാലോടിന്റെ ജയം. വോട്ടെണ്ണലിൽ ആദ്യ ഘട്ടങ്ങളിൽ തന്നെ സുധീർ ഷാ ലീഡ് പിടിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ആവേശമായിരുന്നു. പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ലീഡ്. പാലോട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളി‌ൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഡികെ മുരളിയ്ക്ക് ആധിപത്യം ലഭിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കല്ലറ ഡിവിഷനിൽ നിന്ന് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ സുധീർ ഷാ ജയിച്ചിരുന്നു. ആ അനുഭവസമ്പത്തുമായാണ് വാമനപുരത്ത് യുവത്വത്തിന്റെ മുഖമായി സുധീർ ഷാ എത്തിയത്. മണ്ഡലത്തിലെ സുധീർ ഷായുടെ വ്യക്തി ബന്ധങ്ങൾ വോട്ടായി മാറിയെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഇക്ബാൽ കോളേജിൽ കെ എസ് യു കാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ സുധീർ ഷാ കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയ്ക്കും ദുർഭരണത്തിനുമെതിരെ നടന്ന നിരവധി സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ച്ചപാടും നിലപാടുകളുമുള്ള യുവനേതാവായ സുധീർ ഷായ്ക് മണ്ഡലത്തിലെ യുവ വോട്ടർമാരുടെ വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

1967 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, ഇതിനുമുമ്പ് ഒരുതവണ മാത്രമാണ് വാമനപുരം മണ്ഡലത്തിൽ സിപിഎം പരാജയമറിഞ്ഞത്. ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. 1970 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആണ് വാമനപുരത്ത് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയത്. സിറ്റിങ് എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ എന്‍ വാസുദേവന്‍പിള്ളയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം കുഞ്ഞുകൃഷ്ണ പിള്ള വിജയിച്ചു. രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു വിജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കുഞ്ഞുകൃഷ്ണപിള്ളയെ തോല്‍പിച്ച് വാസുദേവ പിള്ള തിരിച്ചടിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം സുധീർഷാ പാലോടിലൂടെ മണ്ഡലത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് യുഡിഎഫ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, ASSEMBLY ELECTION, SUDHEER SHA PALODE, VAMANAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA