
കാസർകോട്: നാലര വയസുകാരിക്ക് കളിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു. കാസർകോട് എളേരിത്തട്ടിലാണ് സംഭവം. മൂർഖൻ പാമ്പാണ് പെൺകുട്ടിയെ കടിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി നിരവധി പേർക്ക് പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി സ്വദേശി ഭുവന ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്. മൂവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കൂടാതെ ഇരിങ്ങാലക്കുട കാറളത്തും രണ്ടുപേർക്ക് പാമ്പിന്റെ കടിയേറ്റു. കാറളം പുല്ലത്തറ വെള്ളേപ്പറമ്പിൽ വീട്ടിൽ പ്രസീത, നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷ് എന്നിവർക്കാണ് കടിയേറ്റത്. മലപ്പുറം എടപ്പാളിൽ 21കാരിയായ ഷഹല തസ്‌നിക്കും പാമ്പിന്റെ കടിയേറ്റു.
അതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് സംഭവം. ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്ന് പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങുന്ന കിടക്കയിലായിരുന്നു വീട്ടുകാർ ആദ്യം പാമ്പിനെ കണ്ടത്. കിടക്കയിൽ തലയിണ വയ്‌ക്കുന്ന ഭാഗത്തായിരുന്നു പാമ്പ്.
പിന്നാലെ തൊട്ടടുത്ത മുറിയിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിൽ കയറിയപ്പോൾ അവിടെനിന്നും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെ കിട്ടി. ഇതോടെയാണ് അയൽക്കാരുടെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തിയത്. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |