
സുൽത്താൻ ബത്തേരി : ഡോക്ടറെ കാണാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കുടുംബനാഥനടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. സുൽത്താൻ ബത്തേരി പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൽ (15) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ വൈത്തിരിയിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസുമായാണ് കൂട്ടിയിടിച്ചത്. രോഗിയായ നാരായണൻ കോഴിക്കോടുള്ള ഡോക്ടറെ കാണുന്നതിനാണ് സ്വന്തം ഓട്ടോയിൽ ഭാര്യയോടും മകനോടുമൊപ്പം ഇന്നലെ രാവിലെ പഴൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. വൈത്തിരിയിലെത്തിയപ്പോൾ എതിരെ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. നാരായണൻ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ഭാര്യയും മകനും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലുമാണ് മരിച്ചത്.


നമ്പികൊല്ലി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് നാരായണൻ. രോഗിയായ ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി കോഴിക്കോടുള്ള ഒരു ഡോക്ടറുടെ ചികിത്സയിലാണ്. രോഗം ഭേദമായെങ്കിലും തുടർ പരിശോധനയ്ക്കായി ഭാര്യയെയും മകനെയും കൂട്ടി പുറപ്പെട്ടതായിരുന്നു. ഷിജി തൊഴിലുറപ്പ് തൊഴിലാളിയാണ്. അമൽ ചീരാൽ ഗവ. സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി. അമലിനെ കൂടാതെ അബി എന്നൊരു മകൻ കൂടിയുണ്ട്. നാരായണന്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും ഷിജിയുടെയും അമലിന്റെയും മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്ക്കാരം പഴൂർ പൊതു ശ്മശാനത്തിൽ നടന്നു. നാരായണന്റെ പിതാവ് അറുമുഖൻ, മാതാവ്: ലീല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |