SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

തല്ലിപ്പൊളിച്ച് ക്ലൈമാക്സ് : അമ്മയുടെ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശ്വേത

READ ENGLISH VERSION
amma

കൊച്ചി: ട്വിസ്റ്റുകൾ നിറഞ്ഞ സിനിമപോലെ താരസംഘടനയായ അമ്മയുടെ വനിതാഭരണത്തിന് ആന്റി ക്ലൈമാക്സിൽ കൂട്ടരാജി. ശ്വേതമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവച്ചു. 31 വർഷത്തെ പുരുഷാധിപത്യം തകർത്തെത്തിയ ഭരണസമിതിയാണ് 10 മാസം പിന്നിട്ടപ്പോൾ തമ്മിൽത്തല്ലി പിരിഞ്ഞത്. അമ്മയുടെ അംഗത്വവും ശ്വേത രാജിവച്ചു.

നടിയെ ആക്രമിച്ച കേസിലുൾപ്പെടെ നടന്മാരെ സംരക്ഷിച്ചെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ശ്വേത പ്രസിഡന്റായ ഭരണസമിതി അധികാരത്തിലെത്തിയത്.

അമ്മയുടെ പ്രവർത്തനത്തിനായി രമേഷ് പിഷാരടി എം.എൽ.എ കൺവീനറായി അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. നാലുമാസത്തിനുശേഷം പൊതുയോഗം ചേർന്ന് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശ്വേതയും മോഹൻലാലും ഉൾപ്പെടെ പലരും മടങ്ങിയതിനു പിന്നാലെയാണ് ജഗദീഷ്, കെ.ബി.ഗണേശ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്.

സീൻ ഒന്ന്

നടന്മാരായ ദിലീപ്, സിദ്ദിഖ് എന്നിവർക്കെതിരായ കേസുകളാണ് വനിതാ ഭാരവാഹികൾക്ക് വഴിതുറന്നത്. സിദ്ദിഖുൾപ്പെട്ട കമ്മിറ്റി രാജിവച്ചു. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ശ്വേതമേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും മത്സരിച്ച് ജയിച്ചു.

സീൻ രണ്ട്

ശ്വേതമേനോനും കുക്കുവും തമ്മിൽ വിയോജിപ്പ്. ജനറൽ സെക്രട്ടറിയും ട്രഷറർ ഉണ്ണി ശിവപാലും ചേർന്ന് സംഘടനയെ നിയന്ത്രിക്കുന്നതായി ശ്വേത. ഓഫീസ് മാനേജർ അതുല്യ പ്രകാശിനെ ശ്വേത അറിയാതെ ജനറൽ സെക്രട്ടറി പിരിച്ചുവിട്ടു. അധികാരത്തർക്കം രൂക്ഷമായി. ജീവനക്കാരിയെ തിരിച്ചെടുത്തു. ഉണ്ണി ശിവപാൽ നിർബന്ധിത അവധിയിൽ.

സീൻ മൂന്ന്

ഫെബ്രുവരിയിൽ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ രാജിവച്ചു. കമ്മിറ്റിയംഗങ്ങളായ ടിനി ടോം, ലക്ഷ്‌മിപ്രിയ എന്നിവർക്കെതിരെ ആരോപണം ഉന്നയിക്കുന്നു. പൊലീസിൽ പരാതി. അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും അൻസിബ പിന്മാറിയില്ല. അൻസിബയ്‌ക്കെതിരെ പൊലീസിൽ ലക്ഷ്‌മിപ്രിയയുടെ കേസ്.

സീൻ നാല്

ഫെബ്രുവരിയിൽ നടന്ന കുടുംബസംഗമത്തിന് ഒരു ക്ഷേത്ര ട്രസ്റ്റ് 70 ലക്ഷം രൂപ സ്‌പോൺസർഷിപ്പ് നൽകി. സ്വീകരിക്കുന്നതിനെ അൻസിബയും മറ്റു ചിലരും എതിർത്തു. കണക്ക് അവതരിപ്പിച്ചില്ല. പൊതുയോഗം വിളിക്കാൻ തീരുമാനം

ഇന്നലെ സംഭവിച്ചത്

കാക്കനാട്ടെ ചിറ്റിലപ്പിള്ളി സ്‌ക്വയറിലായിരുന്നു പൊതുയോഗം. മോഹൻലാൽ ഒഴികെ പ്രമുഖ താരങ്ങൾ പങ്കെടുത്തില്ല. യുവനിരയും വിട്ടുനിന്നു. കണക്കും റിപ്പോർട്ടും അവതരിപ്പിച്ചെങ്കിലും പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി ബഹളം

കുടുംബസംഗമം നടത്തിയതുമായി ബന്ധപ്പെട്ട് 67 ലക്ഷത്തിന്റെ കണക്ക് എവിടെയെന്ന് ചോദ്യം. ട്രഷർ ഉണ്ണി ശിവപാലിനെ മാറ്റിനിറുത്തിയത് മൂലമാണ് കണക്ക് അപൂർണമായതെന്ന് ശ്വേത.

ബാബുരാജിന്റെ നേതൃത്വത്തിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമം. താൻ ആർക്കൊപ്പവുമില്ലെന്നും പൊതുയോഗം എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുമെന്നും മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാൽ.

പ്രവർത്തനത്തിലെ വീഴ്ചകളും തനിക്കുണ്ടായ അനുഭവങ്ങളും അൻസിബ വിശദീകരിച്ചു. സമവായശ്രമം പരാജയപ്പെട്ടതോടെ ശ്വേതയടക്കം രാജിവച്ചു.

തുറന്നു പറയാൻ പലതുമുണ്ട്. ഇപ്പോൾ അമ്മയിൽ അംഗമല്ല. കുറ്റാരോപിതർ ഗൂഢാലോചന നടത്തിയാണ് വനിതാ നേതൃത്വത്തെ ഒഴിവാക്കിയത്. വനിതകൾ പാവകളല്ല. പാവയാകാൻ തയ്യാറല്ല. ബാബുരാജ് അംഗമായ മുൻ കമ്മിറ്റിയുടെ കുഴപ്പങ്ങളാണ് കണക്ക് മുഴുവൻ അവതരിപ്പിക്കാൻ കഴിയാത്തത്.

ശ്വേത മേനോൻ

(മാദ്ധ്യമങ്ങളോട് പറഞ്ഞത്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA AGM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA