
തിരുവനന്തപുരം: തൊടുപുഴ എം.എൽ.എയും കേരളാ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായ അപു ജോൺ ജോസഫിനെ ഗവ. ചീഫ് വിപ്പായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കേരളാ കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിന്റെ മകനാണ്.
29ന് നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു.
അഡ്വ. കെ.സി വിൻസെന്റിനെ ഹൈക്കോടതിയിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. പ്രോസിക്യൂഷൻ ഡയക്ടർ ജനറൽ ടി.അസഫലിക്ക് ലോകായുക്ത സ്പെഷ്യൽ അറ്റോണിയായും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും ചുമതല നൽകി. പ്രോസിക്യൂഷൻ ഡയക്ടർ ജനറലാണ് പതിവായി ഈ ചുമതല വഹിക്കുന്നത്. പുതുതായി രൂപീകരിച്ച വയോജന വകുപ്പിൽ, സാമൂഹ്യനീതി വകുപ്പിൽ നിന്നുള്ള വിഷയങ്ങൾ ഉൾപ്പെടുത്താനും തീരുമാനിച്ചു. വയോജന വകുപ്പിന്റെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കും. മഴക്കാലത്ത് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ 10ന് കളക്ടർമാരുടെ യോഗം ഓൺലൈനായി ചേരും.
ഭൂമി സംബന്ധിച്ച ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ ഭൂ നിയമങ്ങളിൽ സമഗ്രമായ ഭേദഗതി വരുത്തും. നെല്ല് സംഭരണത്തിനുള്ള പണം ഉടൻ നൽകും. ലൈംഗിക അതിക്രമ കേസുകളിലെ ഇരകളെ അപമാനിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കും. മുട്ടിൽ മരം മുറികേസിൽ പ്രോസിക്യൂട്ടർമാരെ നിയമിക്കും. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ മാനദണ്ഡങ്ങൾ ജൂൺ 15 മുമ്പ് പ്രഖ്യാപിക്കും. നികുതി വരുമാനം വർദ്ധിപ്പിക്കാൻ ധനവകുപ്പ് നടപടി സ്വീകരിക്കും. നികുതി വെട്ടിപ്പിനെ കർശനമായി നേരിടും. നികുതി നൽകാതിരുന്നാൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |