SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

കോതമംഗലത്ത് തുടങ്ങിയ  വെല്ലുവിളി കണ്ണൂരിൽ ശൂ...

arjun

കൊച്ചി:പൊലീസിനെയും സർക്കാരിനെത്തന്നെയും ഒരു ക്രിമിനൽ പരസ്യമായി വെല്ലുവിളിക്കുന്ന അസാധാരണ സംഭവങ്ങൾക്ക് തുടക്കമായത് കോതമംഗലത്തെ അറസ്റ്റിൽ നിന്നാണ്.

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലൂടെയും ഗുണ്ടാതലവൻ എന്ന നിലയിലും കുപ്രസിദ്ധനായ അർജുൻ ആയങ്കിയും സംഘവും കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ ഹോം സ്റ്റേയിൽ ഒത്തുകൂടിയെന്നറിഞ്ഞ പൊലീസ് ജാഗ്രതയിലായി. കാരണം,പിറ്റേന്ന് മേയ് നാലിന് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുകയാണ്. എറണാകുളം റൂറൽ പൊലീസ് പുലർച്ചെ റെയ്ഡ് നടത്തി അർജുനെയും അഞ്ച് കൂട്ടാളികളെയും കരുതൽ തടങ്കലിലാക്കി. 21 ദിവസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങുമ്പോൾ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിക്കഴിഞ്ഞിരുന്നു.

റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കും ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എതിരെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളികളും അസഭ്യവർഷവും തുടങ്ങി. കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു. വിരമിച്ച ശേഷം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളും വിവാദമായി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് എറണാകുളം റൂറൽ പൊലീസ് പുതിയ ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ പഴയ ജാമ്യവും റദ്ദാക്കപ്പെട്ടു.

ഒളിവിലിരുന്നും സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രിയെയും പൊലീസിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയെയും വെല്ലുവിളിച്ചു. ഇതോടെ, അർജുനെ പിടികൂടാൻ റൂറൽ എസ്.പി കെ. സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സഹോദരനെയും സഹായികളെയും വലയിലാക്കിയെങ്കിലും അർജുൻ തലനാരിഴയ്‌ക്ക് വഴുതിപ്പോയി.

കാറിൽ തൃശൂരിലേക്ക് കടന്ന അർജുൻ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ കാണാമെന്ന് ഫേസ്ബുക്കിൽ വെല്ലുവിളിച്ചത് പൊലീസിന് വലിയ ക്ഷീണമായി.

ഒടുവിൽ, ഓട്ടോ ഡ്രൈവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ കണ്ണൂർ നഗരത്തിൽ ഫ്ളാറ്റ് വളഞ്ഞ് കീഴ്‌പ്പെടുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA