
ആലപ്പുഴ: കറുത്ത വസ്ത്രമണിഞ്ഞ് രാത്രിയിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരിച്ച മൂന്നുയുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.കൊമ്മാടി സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ സച്ചിൻ (18),സഞ്ജയ് (18), വെള്ളക്കിണർ സ്വദേശി അൻസിൽ(19) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നെഹർഷാദിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
20ന് പുലർച്ചെ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം.പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ചർച്ചിന്റെ സെമിത്തേരിയിലാണ് കുരിശ് തലകീഴായി പിടിച്ച് യുവാക്കൾ റീൽസ് ചിത്രീകരിച്ചതും
സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും.തുടർന്ന് പള്ളി അധികൃതർ സി.സി ടി.വി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ്, ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഇന്നലെ രാത്രി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.മയക്കുമരുന്ന്,അടിപിടി കേസുകളിലെ പ്രതികളായ സംഘം നേരത്തെയും പള്ളി വളപ്പിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അൻസിലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ ഷെയർ ചെയ്തത്.
സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ മൂവരെയും പള്ളിസെമിത്തേരിയിലെത്തിച്ച് തെളിവെടുത്തു. ആലപ്പുഴ ഡിവൈ.എസ്.പി ജി.ബി.മുകേഷ്, സി.ഐ അരുൺ എം.കെ, എസ്.ഐ നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.പ്രതികളെ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |