SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

കാലിഫോർണിയ ഇരട്ടക്കൊലപാതകം ഒരുമിച്ച് ഓണാഘോഷം പിന്നാലെ കൊടും ക്രൂരത ഉത്തരമില്ലാതെ ദുരൂഹത

READ ENGLISH VERSION
california

തൃശൂർ/ കോട്ടയം/ തിരുവനന്തപുരം: രണ്ടു ദിവസം മുമ്പുനടന്ന ഓണാഘോഷത്തിൽ ഉറ്റസുഹൃത്തുക്കളായ അനിലയും ആൻ മേരിയും അഞ്ജനയും ഒരുമിച്ചായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം. എന്നാൽ അതിനുശേഷം നടന്നത് ഞെട്ടിക്കുന്ന ദുരന്തം. കാലിഫോർണിയയിൽ രണ്ടു മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു.

സംഭവത്തിൽ അറസ്റ്രിലായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റെ ജോലി നഷ്ടമാവുകയും സുഹൃത്തുക്കളുടെ ജോലി സ്ഥിരപ്പെടുകയും ചെയ്തതിൽ അനില ആഴ്ചകളായി നിരാശയിലായിരുന്നു. ഇതാകാം കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം. കൊല്ലപ്പെട്ട രണ്ടുപേരും അദ്ധ്യാപികമാരും അനില പ്രമുഖ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായിരുന്നു.


അമേരിക്കയിൽ വച്ചാണ് മൂവരും പരിചയപ്പെട്ടത്. മൂന്നു കുടുംബങ്ങളും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. അനിലയും അഞ്ജനയും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് ആൻമേരി മാത്യു കുടുംബമായി താമസിച്ചിരുന്നത്.

അമേരിക്കൻ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ആൻമേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി വാഹനമിടിച്ചാണ് കൊലപ്പെടുത്തിയത്.

ഞെട്ടൽ മാറാതെ വിജേഷ്

ഭാര്യ അഞ്ജന കാറിടിച്ച് മരിച്ചുകിടക്കുന്ന കാഴ്ച നേരിൽക്കണ്ട വിജേഷ് ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. സോഫ്റ്റ്‌വെയർ എൻജിനിയറായ വിജേഷ് ഫ്‌ളാറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അഞ്ജന കൊല്ലപ്പെട്ടത്. വിജേഷ് അസ്വസ്ഥനാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അഞ്ജനയുടെ മാതാപിതാക്കളുമായി അനില പലപ്പോഴും വീഡിയോ കോളിൽ സംസാരിക്കാറുണ്ടായിരുന്നു. സ്‌നേഹത്തോടെയാണ് അനില പെരുമാറിയിരുന്നതെന്ന് ബന്ധുക്കൾ കേരളകൗമുദിയോട് പറഞ്ഞു. അഞ്ജനയുടെ മകൾ ആറു വയസുകാരി വാമിക അഞ്ജനയുടെ സുഹൃത്തുക്കൾക്കൊപ്പമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CALIFORNIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA