
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളുടെ
നവീകരണത്തിനും പദ്ധതി നടത്തിപ്പിനും
100 ശതമാനംവരെ ഗ്രാന്റും വായ്പയും നൽകാൻ ദേശീയ സഹകരണ വികസന കോർപറേഷൻ തീരുമാനിച്ചു.
സഹകാർ ഇന്നൊവേഷൻ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകുന്നത്.
സഹകരണ മേഖലയിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെ സംശയത്തോടെ വീക്ഷിക്കുന്ന കേരളം ഇതുമായി സഹകരിക്കുമോയെന്ന് വ്യക്തമല്ല. സഹകരണസംഘങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും സ്വാശ്രയവളർച്ചക്ക് ആക്കംകൂട്ടുകയും സഹകാർ ഇന്നൊവേഷൻ പദ്ധതിയുടെ ലക്ഷ്യമാണ്.
പദ്ധതിയുടെ മാർഗനിർദേശങ്ങൾ കോർപ്പറേഷൻ പുറത്തിറക്കി.
പ്രാഥമിക സംഘങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്ന നൂതനവും പ്രായോഗികവുമായ പ്രോജക്ടുകൾക്ക് 100 ശതമാനം ഗ്രാന്റ് അല്ലെങ്കിൽ 25 ലക്ഷം രൂപവരെ നൽകും. പ്രോജക്ടുകൾക്കു ഗ്രാന്റിനൊപ്പം ആവശ്യമെങ്കിൽ കോർപറേഷനിൽ നിന്നു വായ്പയും ലഭിക്കും. നവീകരണ പ്രോജക്ടുകൾക്കു മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ കിട്ടാതെ ബുദ്ധിമുട്ടുന്ന സംഘങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.
സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ പ്രായോഗികവും പുതിയതുമായ ബിസിനസ് പദ്ധതികളാണ് ഗ്രാന്റിനായി സമർപ്പിക്കേണ്ടത്. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഗ്രാന്റ് നൽകുന്നത്.
ഭരണസമതി വേണം,
കടബാദ്ധ്യത പാടില്ല
# നിലവിലുള്ള സംഘങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുമുണ്ടാകണമെന്നതാണ് വ്യവസ്ഥ. പുതുതായി രജിസ്റ്റർ ചെയ്ത സംഘങ്ങൾ മൂന്നു മാസമെങ്കിലും പ്രവർത്തിച്ചിരിക്കണം.
# ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ ഗ്രാന്റിനപേക്ഷിക്കുന്ന സഹകരണസംഘത്തിനോ ഡയറക്ടർമാർക്കോ കടബാധ്യതയുണ്ടാകാൻ പാടില്ല.
#കൃഷി, ഡെയറി, ഫിഷറീസ്, ടെക്സ്റ്റയിൽസ്, സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നതും കോർപ്പറേഷന്റെ സഹായത്തിന് അർഹതയുള്ളതുമായ രജിസ്റ്റർ ചെയ്ത എല്ലാ പ്രാഥമിക സഹകരണസംഘങ്ങൾക്കും ഗ്രാന്റ് അനുവദിക്കും.
# സഹകരണസംഘം നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്നിവയ്ക്കും പദ്ധതിപ്രകാരം അപേക്ഷിക്കാം.
# പുതുതായി തുടങ്ങിയ സംഘങ്ങൾക്കും ഗ്രാന്റിനായി അപേക്ഷ നൽകാം. തൊഴിൽ സൃഷ്ടിക്കുന്നതും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതുമായ സംഘങ്ങൾക്കു മുൻഗണനയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |