
കോഴിക്കോട്: ഇടതുകോട്ടയായ കോഴിക്കോട്ടെ പല ശക്തികേന്ദ്രങ്ങളിലും വോട്ട് ചോർച്ചയുണ്ടായെന്നും ഇത് പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ തിരിച്ചടിയുണ്ടാകുമെന്നും സിപിഎം നേതാക്കൾ. വോട്ടുചോർച്ച അപ്രതീക്ഷിതമാണ്. തിരുത്തൽ നടത്തി മുന്നോട്ട് പോകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആവശ്യമുയർന്നത്.
'കോഴിക്കോട് നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽപ്പോലും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. സിപിഎമ്മിന് പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത് അപകടമാണ്. പരിഹാരം വേണം. ഇല്ലെങ്കിൽ ഭാവിയിൽ തിരിച്ചടിയുണ്ടാവും. എലത്തൂരിൽ സ്ഥാനാർത്ഥിയെ നിർത്തിയതിൽ വീഴ്‌ച പറ്റി. അല്ലെങ്കിൽ മണ്ഡലം നഷ്ടമാവില്ലായിരുന്നു.
എൽഡിഎഫ് പ്രവർത്തകർ പലയിടത്തും സജീവമായി പ്രചാരണത്തിനിറങ്ങിയില്ല. സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് തരംഗമുണ്ടായിരുന്നപ്പോഴും കോഴിക്കോട് എൽഡിഎഫ് പിടിച്ചുനിന്നിട്ടുണ്ട്. ഇത്തവണ കൂടുതൽ മണ്ഡലങ്ങൾ നഷ്ടമാകുമെന്നത് ഉറപ്പായിരുന്നു. എന്നാൽ ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല. ഇടത് ശക്തികേന്ദ്രമായ പേരാമ്പ്രയിൽപ്പോലും യുഡിഎഫ് സ്ഥാനാർത്ഥി മുന്നിലെത്തിയത് പരിശോധിക്കണം. ചില മണ്ഡലങ്ങളിലെ പ്രവർത്തന ശൈലിയിൽ പ്രശ്നം വന്നു. അത് തിരുത്തേണ്ടതുണ്ട്'- എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് യോഗത്തിൽ നേതാക്കൾ ഉന്നയിച്ചത്.
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, പി കെ ബിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന യോഗങ്ങളിലും ഇവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |