SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.22 AM IST

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ചിത്തരോഗ നാടകം പൊളിഞ്ഞു

Increase Font Size Decrease Font Size Print Page
s

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസ് പ്രതിയായ സന്ദീപ് ജയിലിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിച്ചുപഠിച്ച് അവതരിപ്പിച്ച ചിത്തരോഗ നാടകം പൊളിഞ്ഞു. ജയിൽ ലൈബ്രറിയിൽ നിന്ന് സൈക്യാട്രി പുസ്തകങ്ങൾ എടുത്തതിന്റെ തെളിവുകൾ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ സന്ദീപിന്റെ നാടകം പൊളിച്ചത്.

മാനസിക വിഭ്രാന്തിയിലാണ് സന്ദീപ്, ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയതെന്ന വാദം ഉയർത്തുമെന്ന ധാരണ ആദ്യദിവസങ്ങളിൽ തന്നെ അന്വേഷണ സംഘത്തിനുണ്ടായി. അതുകൊണ്ടുതന്നെ വന്ദന കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റിന് മുന്നിൽ സന്ദീപിനെ പരിശോധനയ്ക്ക് വിധേയനാക്കി. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്. ഒൻപത് ദിവസത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൂടുതൽ സൈക്യാട്രി ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ബോർഡ് പ്രതിയെ വീണ്ടും പരിശോധിച്ചു. അവർ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളില്ലെന്ന റിപ്പോർട്ട് നൽകിയെങ്കിലും മനോരോഗ വിദഗ്ദ്ധനെക്കൊണ്ട് വീണ്ടും പരിശോധിപ്പിക്കാൻ ശുപാർശ ചെയ്തു.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന സന്ദീപ് ഇതിനിടയിൽ ജയിൽ ലൈബ്രറിയിൽ നിന്ന് സൈക്യാട്രി പുസ്തകങ്ങളെടുത്ത് വായിച്ചു. മനോരോഗ വിദഗ്ദ്ധൻ പരിശോധനയ്ക്കെത്തിയപ്പോൾ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ അഭിനയിച്ചു. താൻ മൂന്നാമതൊരാളുടെ ശബ്ദം നിരന്തരം കേൾക്കുന്നുവെന്നും പറഞ്ഞു. അങ്ങനെ മാനസിക പ്രശ്നമുണ്ടെന്ന റിപ്പോർട്ട് സന്ദീപ് സംഘടിപ്പിച്ചു. ഈ റിപ്പോർട്ടിനെ, സന്ദീപ് ജയിലിൽ നിന്ന് സൈക്യാട്രി പുസ്തകങ്ങളെടുത്തതിന്റെ തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ പൊളിക്കുകയായിരുന്നു. അതിന് പുറമേ സന്ദീപ് സ്കൂളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല, വാഹനം ഓടിക്കും, നന്നായി പാട്ടുപാടും, അഭിനയിക്കും എന്നുള്ള സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴികൾ പ്രതിക്ക് മാനസിക പ്രശ്നമില്ലെന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജയിലിൽ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടിയിരുന്നില്ലെന്ന തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ മൊഴിയും സന്ദീപിന് തിരിച്ചടിയായി. മാനസിക പ്രശ്നം ഉണ്ടെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചിരുന്നെങ്കിൽ പ്രതിയെ വെറുതെ വിടുകയോ ആശുപത്രിയിൽ പാർപ്പിച്ചുള്ള ദീർഘകാലത്തെ മനോരോഗ ചികിത്സ വിധിക്കുകയോ ചെയ്തേനേ.

ശിക്ഷാവിധി വന്നശേഷമേ നീതി കിട്ടിയെന്ന് പറയാനാകൂ. പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷ. പ്രോസിക്യൂഷൻ നന്നായി പ്രവർത്തിച്ചു.

വസന്തകുമാരി

ഡോ. വന്ദനാദാസിന്റെ മാതാവ്

വന്ദന കൊലപ്പെട്ടത് മുതൽ മകൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലായിരുന്നു. മകളെ സംരക്ഷിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയുണ്ടായി. തങ്ങളുടെ എല്ലാം മകളായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വന്ദന കൊല്ലപ്പെട്ടിട്ടും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.

കെ.ജി.മോഹൻദാസ്

ഡോ. വന്ദനാദാസിന്റെ പിതാവ്

പൊതുസമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കിയ കേസാണിത്. അതുകൊണ്ട് സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് 90 ദിവസത്തിനുള്ളിൽ പഴുതടച്ച് കുറ്റുപത്രം സമർപ്പിക്കാൻ കഴിഞ്ഞു.

എം.എം.ജോസ്

അന്വേഷണ ഉദ്യോഗസ്ഥൻ

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.