
കൊച്ചി: 'ഈ നാട്` ഉൾപ്പെടെ നിരവധി മലയാളം ഹിറ്റ് സിനിമകളുടെ നിർമ്മാതാവും വിതരണ കമ്പനി ഉടമയുമായിരുന്ന എറണാകുളം ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് എട്ടുപറയിൽ എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ - 90) ഓർമ്മയായി. ഇന്ന് 91-ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു. ജിയോ പിക്ചേഴ്സ്, ജിയോ മൂവീസ്, ജിയോ ഫിലിംസ് എന്നിവയുടെ മാനേജിംഗ് പാർട്ണറായിരുന്നു.
1977-87കാലയളവിൽ മലയാള സിനിമാ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വ്യാപിപ്പിച്ച നിർമ്മാതാവാണ്. 1979ൽ ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത 'ഏഴാം കടലിനക്കരെ" അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ്. ഇതേ കൂട്ടുകെട്ടിൽ 1981ൽ പിറന്ന 'തുഷാരം" കാശ്മീരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയുമാണ്. 1983ൽ പുറത്തിറങ്ങിയ 'ഇനിയെങ്കിലും` ഹോങ്കോങ്ങിലും ജപ്പാനിലും ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് . സൂപ്പർഹിറ്റുകളായ മൂന്നു ചിത്രങ്ങളും പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നു.
മിനിമോൾ, ഇനിയും പുഴയൊഴുകും, മീൻ തുടങ്ങി 12 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
കേരള ഫിലിം ചേംബർ പ്രസിഡന്റായും ഫിലിം ഫെഡറേഷൻ ഒഫ് ഇന്ത്യ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 'സിനിമയും ഞാനും 70 വർഷങ്ങൾ" എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പിതാവ് കോട്ടയം എട്ടുപറ എൻ.എക്സ്. ജോർജ് ആദ്യകാല മലയാള സിനിമാ നിർമ്മാണ വിതരണക്കാരനായിരുന്നു.
ഭാര്യ: റോസമ്മ. മക്കൾ: ജോർജ് ജോൺ, മാത്യു ജോൺ, ദീപ. മരുമക്കൾ: ഷേർളി, മായ, ജോയൽ.
മൃതദേഹം നാളെ (21) രാവിലെ 9 മുതൽ ഇടപ്പള്ളി തോപ്പിൽ മേരിക്യൂൻ പള്ളിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4ന് സംസ്കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |