
കോട്ടയം / ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ വീട്ടിൽ അനീഷിന്റെ ഭാര്യ ഫേബ ജോസാണ് (27) തിങ്കളാഴ്ച മരിച്ചത്. അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പെൺകുഞ്ഞിനെ ശ്വാസതടസത്തെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ആശുപത്രി സൂപ്രണ്ടിനും കോട്ടയം പൊലീസിനും കുടുംബം പരാതി നൽകി.
ഞായറാഴ്‌ചയാണ് പ്രസവത്തിനായി ഫേബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് പ്രസവ വേദനയുണ്ടായെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്നും കുടുംബം ആരോപിച്ചു. രാത്രിയോടെ യുവതിയെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഫേബയ്‌ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഫേബ മരിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്നും ഡോക്ടർമാർക്ക് ഗുരുത വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫേബയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഏഴുവയസുകാരൻ ഏയ്ഡനാണ് (അപ്പൂസ്) മൂത്തമകൻ.
കോട്ടയം മെഡിക്കൽ കോളേജിലെ മൂന്നംഗ ഡോക്ടർമാരുടെ പാനലാണ് പോസ്റ്റുമോർട്ടം നടത്തിയത്. തുടർന്ന്അർത്തുങ്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് രാവിലെ 8.30ന് വീട്ടിൽ പൊതുദർശനത്തിനെത്തിക്കും. 11.30ന് കളർകോട് യൂണിയൻ പെന്തക്കോസ്ത് ഫെലോഷിപ്പ് സെമിത്തേരിയിൽ സംസ്കരിക്കും.
ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയിലായിരുന്നു ഫേബ ചികിത്സ തേടിയിരുന്നത്. എന്നാൽ ഗർഭസ്ഥശിശുവിന് കുടലിൽ തടിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് അഞ്ചാംമാസം മുതലാണ് കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്‌ദ്ധ ചികിത്സയ്‌ക്കെത്തിയത്.
അന്വേഷണ റിപ്പോർട്ട് ഇന്ന്
സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗൈനക്കോളജി , കാർഡിയോളജി, ഫോറൻസിക്, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ മേധാവിമാർ ഉൾപ്പെടുന്ന സംഘം അന്വേഷണം നടത്തി ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ ലഭ്യമാകൂ. സർക്കാർ തലത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്ക് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |