SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ദേവസ്വം കമ്മിഷണറുടെ ധൂർത്ത്: പാസാക്കിയത് 28.44 ലക്ഷം, പൊടിപൊടിച്ചത് 41.23 ലക്ഷം

2323

കൊച്ചി: ഒരു വർഷത്തേക്ക് നിയമിതനായ മുൻ കമ്മിഷണർ എസ്.ആർ. ഉദയകുമാറിന്റെ സുഖജീവിതത്തിനായി കൊച്ചിൻ ദേവസ്വം ബോർഡ് അംഗീകരിച്ചത് 28.44 ലക്ഷം രൂപയാണെങ്കിലും ചെലവഴിച്ചത് 41.23 ലക്ഷം. പൊളിച്ചുനീക്കാനുള്ള ക്വാർട്ടേഴ്സ് നവീകരിച്ച് എ.സി മുതൽ ബെഡ് ഷീറ്റും ബക്കറ്റും ചൂലും വരെ ഭഗവാന്റെ കാണിക്ക പണം കൊണ്ട് വാങ്ങി. ഇടത് യൂണിയന്റെ നോമിനിയായ കമ്മിഷണറെ സുഖിപ്പിക്കാനായി ഇടതുപക്ഷ അംഗങ്ങൾ ഭരിക്കുന്ന ദേവസ്വം ബോർഡ് ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ബോർഡിനെയും അമ്പരപ്പിച്ച അധികച്ചെലവ് അംഗീകരിച്ചിട്ടില്ല. പണവും നൽകിയിട്ടില്ല.വർക്ക് ഓർഡർ ഉള്ളതിനാൽ കരാറുകാരൻ കോടതിയെ സമീപിച്ച് വാങ്ങിയെടുക്കണം.

നാലു വർഷം മാത്രം പഴക്കമുള്ള കാർ ഷെഡിലാക്കി, പുതിയതു വാങ്ങാനും ആർഭാട ചെലവിനും കൂട്ടുനിന്നു. നടപടിക്രമങ്ങളും സാമ്പത്തിക അച്ചടക്കവും പാലിച്ചില്ലെന്നും പ്രവൃത്തി അന്യായമായിപ്പോയെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

നിത്യച്ചെലവിന് വഴിയില്ലാത്ത, ചോർന്നൊലിക്കുന്ന അനവധി ക്ഷേത്രങ്ങൾ ബോർഡിന് കീഴിലുണ്ട്. ജീവനക്കാർക്ക് നൽകേണ്ട ശമ്പളപരിഷ്കരണ കുടിശിക ആറ് കോടി വരും. അതൊക്കെ അവഗണിച്ചാണ് സുഖസൗകര്യങ്ങൾ ഒരുക്കിയത്. ഫർണിഷ്ഡ് ക്വാർട്ടേഴ്സിന് അർഹതയില്ലാത്ത കമ്മിഷണർ തന്നെയാണ് 2024 ജൂലായ് 15ന് ചുമതലയേറ്റ ശേഷം സ്വയം പ്രൊപ്പോസൽ തയ്യാറാക്കി ബോർഡിന് മുന്നിൽ വച്ചത്. പഴഞ്ചൻ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികൾ താമസക്കാർ ചെയ്യണമെന്ന തീരുമാനം നിലനിൽക്കേ, കമ്മിഷണറുടെ നിർദ്ദേശം അതേപടി ബോർഡ് അംഗീകരിച്ചു. വീട്ടുസാമഗ്രികൾ വാങ്ങാൻ കമ്മിഷണർ ജീവനക്കാരനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. മുൻ ദേവസ്വം ബോർഡംഗം എം.ബി. മുരളീധരനായി മാറ്റിവച്ച ക്വാർട്ടേഴ്സിലാണ് ആറ് മാസം താമസിച്ചത്. ഇക്കാലയളവിൽ എച്ച്.ആർ.എ വാങ്ങിയെന്ന പരാതി വേറെയുമുണ്ട്.

ഫോർഡ് ഇക്കോസ്പോർട്ട് കാർ മാറ്റിവാങ്ങാൻ, കാറിന് ബ്രേക്കും മൈലേജും കുറവാണെന്ന് റിപ്പോർട്ടുണ്ടാക്കി. പഴയ കാർ വെറുതേ കിടക്കുന്നു പുതുക്കിയ ക്വാർട്ടേഴ്സും കാലി.

പുതിയ കമ്മിഷണർ 24ന് ചുമതലയേൽക്കും

കൊച്ചിൻ ദേവസ്വം ബോർഡിന്റെ പുതിയ കമ്മിഷണറായി സെക്രട്ടേറിയറ്റിലെ അഡി. സെക്രട്ടറി കെ.ജെ. അജികുമാർ ഈ മാസം 24ന് ചുമതലയേൽക്കും. പഴയ കമ്മിഷണർ വാങ്ങിയ പുതിയ മാരുതി എസ് ക്രോസ് കാർ ദേവസ്വം ബോർഡംഗം അഡ്വ.കെ.പി. അജയനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുതിയ കമ്മിഷണർക്കായി പുതിയ കാർ വാങ്ങിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA